Kerala
സോളാര്‍ കേസിന്റെ നാള്‍വഴികള്‍സോളാര്‍ കേസിന്റെ നാള്‍വഴികള്‍
Kerala

സോളാര്‍ കേസിന്റെ നാള്‍വഴികള്‍

Subin
|
19 April 2018 4:13 AM GMT

ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം വരെ ഉയര്‍ന്ന് കേസില്‍ ഏകദേശം നാല് വര്‍ഷം നീണ്ട വിസ്താരത്തിനൊടുവിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ കേസായിരുന്നു സോളാര്‍ തട്ടിപ്പ് കേസ്. സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് സരിത എസ് നായരും, ബിജു രാധാകൃഷ്ണനും കോടികള്‍ തട്ടിച്ചെടുത്തുവെന്നതായിരുന്നു കേസിനാധാരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ സഹായം പ്രതികള്‍ക്ക് ലഭിച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെ, യുഡിഎഫ് രാഷ്ട്രീയത്തിലും പൊട്ടിത്തെറി ഉണ്ടായി. മുഖ്യമന്ത്രിയെ 13 മണിക്കൂറോളം ഒരു കമ്മീഷന്‍ വിസ്തരിച്ചുവെന്ന അപൂര്‍വ്വതയും സോളാര്‍ കേസിനുണ്ട്.

2013 ജൂണ്‍ മൂന്നിനാണ് പെരുമ്പാവൂര്‍ സ്വദേശി സജാദിന്റെ പരാതിയില്‍ സരിത എസ്. നായരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് സരിത എസ്. നായരുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ടെനി ജോപ്പന്‍ സരിതയുമായി സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്ത് വന്നതോടെ സര്‍ക്കാരും പ്രതിരോധത്തിലായി. തുടര്‍ന്ന് 2013 ജൂണ്‍ 13ന് സോളാര്‍ തട്ടിപ്പ് എ.ഡി.ജി.പി. അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പി.എ. ടെന്നി ജോപ്പന്‍, ഗണ്‍മാന്‍ സലിംരാജ് എന്നിവരെ മാറ്റി. ജൂണ്‍ 17ന് കേസിലെ പ്രധാനപ്രതിയായ ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരില്‍വെച്ച് അറസ്‌റ് ചെയ്തു.

മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ടെനി ജോപ്പനും അറസ്റ്റിലായി. ഉമ്മന്‍ചാണ്ടിയുടെ ഉറപ്പിലാണ് സോളാര്‍ പാനലിനായി തുക നല്‍കിയതെന്ന മല്ലേലില്‍ ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങളുണ്ടാക്കി. ഇതിനിടെ നിരവധി മന്ത്രിമാര്‍ സരിതയെ ഫോണ്‍ ചെയ്തതിന്റെ രേഖകളും പുറത്തായി.. തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ 13 മണിക്കൂറോളം വിസ്തരിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം വരെ ഉയര്‍ന്ന് കേസില്‍ ഏകദേശം നാല് വര്‍ഷം നീണ്ട വിസ്താരത്തിനൊടുവിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

Related Tags :
Similar Posts