Kerala
മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചമിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച
Kerala

മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച

Jaisy
|
19 April 2018 9:14 PM GMT

മിച്ചഭൂമി ഏറ്റെടുക്കുന്നത് ചോദ്യംചെയ്ത് സമര്‍പ്പിച്ച 1304 കേസുകള്‍ ദശകങ്ങളായി വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നു

സംസ്ഥാനത്ത് മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതില്‍ കടുത്ത വീഴ്ച. 54 വര്‍ഷം കൊണ്ട് വിതരണം ചെയ്തത് 28717 ഹെക്ടര്‍ ഭൂമി മാത്രം. മിച്ചഭൂമി ഏറ്റെടുക്കുന്നത് ചോദ്യംചെയ്ത് സമര്‍പ്പിച്ച 1304 കേസുകള്‍ ദശകങ്ങളായി വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നു. വിപ്ലവകരമായ പരിഷ്കാരമെന്ന് അവകാശപ്പെടുന്ന ഭൂപരിഷ്കരണ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ കാട്ടിയ വലിയ അലംഭാവത്തിന് തെളിവാണ് സംസ്ഥാന ലാന്റ് ബോർഡിന്റെ കണക്കുകള്‍.

1963ല്‍ ഭൂപരിഷ്കരണ നിയമം നിലവില്‍ വന്ന ശേഷം 2017 ഏപ്രില്‍ 30 വരെ വിതരണം ചെയ്തത് 28717.72 ഹെക്ടർ അഥവാ 70963 ഏക്കർ ഭൂമി മാത്രമാണെന്ന് സംസ്ഥാന ലാന്റ് ബോർഡ്. 1959ല്‍ ഇഎംഎസ് സർക്കാർ കാർഷിക ബന്ധ ബില്‍ അവതരിപ്പിക്കുമ്പോള്‍ ഏഴ് ലക്ഷത്തി 20000 ഏക്കർ മിച്ചഭൂമി ഉണ്ടെന്നായിരുന്നു കണക്ക്. നേരത്തെ മിച്ചഭൂമിയായി കണക്കാക്കിയിരുന്ന 17. 5 ലക്ഷം ഏക്കറില്‍ നിന്ന് തോട്ട ഭൂമിയെ ഒഴിവാക്കിയ ശേഷമാണിത്. 1963ല്‍ ഭൂപരിഷകരണ നിയമം നടപ്പാക്കുമ്പോള്‍ മിച്ചഭൂമി 1.35 ലക്ഷമായി കുറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് കണ്ടെത്തിയ ഭൂമിയുടെ പകുതി മാത്രമാണ് വിതരണം ചെയ്തതെന്നാണ് ജില്ലാ കലക്ടർമാർ ലാന്റ് ബോർഡിന് നല്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഭൂവുടകമകള് നല്കിയ 1304 കേസുകള്‍ വര്‍ഷങ്ങളായി കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. അഞ്ച് പതിറ്റാണ്ട് വരെ പഴക്കമുള്ള കേസുകള് തീർപ്പാക്കുന്നതില് കോടതികളോ സർക്കാരോ നടപടി സ്വീകരിച്ചിട്ടില്ല. ഈ കേസുകളില്‍ പെട്ട എത്ര ഏക്കര്‍ ഭൂമിയുണ്ടെന്ന് പോലും ലാന്‍ഡ് ബോര്‍ഡിന് അറിയില്ല. കേസുകള്‍ തീര്‍പ്പായാലേ ഭൂമിയുടെ അളവ് അറിയാനാകൂ എന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കിട്ടിയ മറുപടി. ഫലത്തില് മിച്ചഭൂമിയായി ഏറ്റെടുത്ത് ഭൂരഹിതർക്ക് നല്‍കേണ്ട ആയിരക്കണക്കിന് ഏക്കർ ഭൂമി ഭൂവുടമകളുടെ കൈവശം തുടരുകയോ വില്‍പന നടത്തുകയോ ചെയ്തു. പുതുതായി മിച്ചഭൂമി കണ്ടെത്തുന്നതിന് കാര്യമായ നടപടികളില്ലാതിരിക്കെയാണ് കണ്ടെത്തിയ ഭൂമി പോലും വിതരണം ചെയ്യാന് കഴിയാത്തത്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഭൂരഹിതരും ഭവനരഹിതരുമായി തുടരുമ്പോഴാണ് ഈ അലംഭാവം തുടരുന്നത്.

Related Tags :
Similar Posts