അതിരിപ്പിള്ളി പദ്ധതിക്കായി കെഎസ്ഇബിയുടെ ലഘുചിത്ര പ്രചാരണം
|വിമര്‍ശങ്ങളെ തള്ളുന്ന ലഘുചിത്രം പദ്ധതി കൊണ്ട് പ്രകൃതിക്കും മൃഗങ്ങള്‍ക്കും ഗുണമുണ്ടാകുമെന്ന് പറയുന്നു. ഒരു ആദിവാസി കുടുംബത്തെ പോലും കുടിയൊഴിപ്പിക്കേണ്ടി വരില്ലെന്നാണ് അവകാശ വാദം
എതിര്‍പ്പുകള്‍ക്കിടയിലും അതിരപ്പിള്ളി പദ്ധതിക്കായുള്ള അഭിപ്രായ സമന്വയത്തിനുള്ള ശ്രമങ്ങളുമായി വൈദ്യുതി വകുപ്പ്. പദ്ധതിയുടെ നേട്ടങ്ങള്‍ വിശദീകരിച്ച് കൊണ്ടുള്ള ലഘുചിത്ര പ്രദര്‍ശനം വൈദ്യുതി വകുപ്പ് ആരംഭിച്ചു. വനവും ആദിവാസികളും നശിക്കുമെന്ന പ്രചാരണം തെറ്റാണെന്നും പദ്ധതി കേരളത്തിന്റെ പുരോഗതിക്ക് ആവശ്യമാണെന്നും ലഘുചിത്രത്തില്‍ വിശദീകരിക്കുന്നു.
സംസ്ഥാനത്തിന്റെ ഊര്‍ജ പ്രതിസന്ധിയുടെ പ്രധാന പരിഹാര മാര്‍ഗമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് കെഎസ്ഇബിയുടെ ലഘുചിത്രം. വിമര്‍ശങ്ങളെ തള്ളുന്ന ലഘുചിത്രം പദ്ധതി കൊണ്ട് പ്രകൃതിക്കും മൃഗങ്ങള്‍ക്കും ഗുണമുണ്ടാകുമെന്ന് പറയുന്നു. ഒരു ആദിവാസി കുടുംബത്തെ പോലും കുടിയൊഴിപ്പിക്കേണ്ടി വരില്ലെന്നാണ് അവകാശ വാദം. ഒപ്പം പദ്ധതിക്ക് വേണ്ട വനഭൂമിയെ നിസാരമെന്നും പറയുന്നു.
വെള്ളചാട്ടം അതേപടി നിലനിര്‍ത്തുമെത്തുമെന്നും ലഘുചിത്രത്തില്‍ അവകാശപ്പെടുന്നുണ്ട്. തൃശൂര്‍ പൂരം പ്രദര്‍ശനത്തിലടക്കം ലഘുചിത്രം പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതിന് ഇടതു മുന്നണിക്കുള്ളില്‍ നിന്നും പുറത്ത് നിന്നും എതിര്‍പ്പുകള്‍ ശക്തമാണ്. അഭിപ്രായ സമന്വയത്തിലൂടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നാണ് വൈദ്യുതി മന്ത്രി എംഎം മണിയുടെ അഭിപ്രായം. ഇതിനുള്ള ശ്രമത്തിലാണ് കെഎസ്ഇബി എന്നാണ് വിലയിരുത്തപ്പെടുന്നത്.