ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ ഉള്‍പ്പെട്ട കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
|കള്ളനോട്ടടിക്ക് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതിനായാണ് തീരുമാനം
തൃശൂര്‍ മതിലകത്ത് ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ കള്ളനോട്ട് നിര്‍മിച്ച് വിതരണം ചെയ്ത കേസ് ക്രൈബ്രാഞ്ചിന് കൈമാറും. കള്ളനോട്ടടിക്ക് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതിനായാണ് തീരുമാനം.
ബിജെപി ഒബിസി മോര്‍ച്ച നേതാവ് രാജീവ് ഏഴാച്ചേരിയും സഹോദരനും യുവമോര്‍ച്ച പ്രവര്‍ത്തകനുമായ രാഗേഷും ചേര്‍ന്നാണ് വീട്ടില്‍ കള്ളനോട്ടടിച്ച് വിതരണം ചെയ്തിരുന്നത്. ഒളിവിലായിരുന്ന രാജീവിനെ ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്. രണ്ടാഴ്ച മുന്‍പാണ് കള്ളനോട്ട് നിര്‍മാണം തുടങ്ങിയത് എന്നാണ് ഇവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
മറ്റാരുടെയും സഹായം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന മൊഴിയും അന്വേഷിക്കേണ്ടതുണ്ട്. വീടിനുള്ളില്‍ കള്ളനോട്ട് നിര്‍മിക്കുന്ന ഉപകരണങ്ങള്‍ പിടിക്കുന്നത് അപൂര്‍വാണ്. രാജീവ് ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളിലേക്ക് യാത്ര നടത്തിയിരുന്നു. ഈ യാത്രയെ കുറിച്ച് അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.ഇരുവരും മാസങ്ങളായി പലിശക്ക് പണം നല്‍കിയിരുന്നത് കള്ളനോട്ട് ഉപയോഗിച്ചാണോ എന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ട്.ഈ സാഹചര്യത്തിലാണ് അന്വേഷണം വിപുലമാക്കാന്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ശുപാര്‍ശ ചെയ്തുള്ള കത്ത് റൂറല്‍ എസ്പി ഐജിക്ക് കൈമാറി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി കൊണ്ടുള്ള ഉത്തരവ് നാളെ ഇറങ്ങിയേക്കാനാണ് സാധ്യത.