Kerala
Kerala

ഭാരത് ആശുപത്രിയിലെ നഴ്സ് സമരം തുടരുന്നു; നിരാഹാരമിരുന്ന നഴ്സിനെ അറസ്റ്റ് ചെയ്ത് നീക്കി

Sithara
|
20 April 2018 2:17 AM GMT

കോട്ടയം ഭാരത് ആശുപത്രിയിലെ സമരവുമായി ബന്ധപ്പെട്ട് നിരാഹാരം നടത്തിവന്ന നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കോട്ടയം ഭാരത് ആശുപത്രിയിലെ സമരവുമായി ബന്ധപ്പെട്ട് നിരാഹാരം നടത്തിവന്ന നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ മറ്റൊരു നഴ്സ് നിരാഹാരം ആരംഭിച്ചു. അതേസമയം സമരത്തിന് പിന്തുണയുമായി വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള ഏതാനും രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.

സമരം 71 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിന് ഭാരത് ആശുപത്രി മാനേജ്മെന്റ് വഴങ്ങാതെ വന്നതോടെയാണ് മായ എന്ന നഴ്സ് നിരാഹാരം ആരംഭിച്ചത്. മരണം വരെ നിരാഹാരമിരിക്കാനായിരുന്നു മായയുടെ തീരുമാനം. എന്നാല്‍ നാല് ദിവസം പിന്നിട്ടപ്പോള്‍ ആരോഗ്യനില വഷളായി. ഇതോടെയാണ് പൊലീസ് എത്തി മായയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയത്. അറസ്റ്റ് തടയാന്‍ മറ്റ് നഴ്സുമാര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷവും ഉണ്ടാക്കി. മായയെ അറസ്റ്റ് ചെയ്ത് മാറ്റിയതോടെ കൃഷ്ണപ്രിയ എന്ന മറ്റൊരു നഴ്സ് നിരാഹാരം ഏറ്റെടുത്തു. മാനേജ്മെന്റ് നിലപാട് മാറ്റുന്നത് വരെ സമരം ഇരിക്കാനാണ് കൃഷ്ണപ്രിയയുടേയും തീരുമാനം.

ഇതിനിടെ നഴ്സുമാര്‍‍ക്ക് പിന്തുണയുമായി വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, എസ്‍യുസിഐ, ആം ആദ്മി എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ഭാരത് ആശുപത്രിയിലേക്ക് സംഘടിതമായി മാര്‍ച്ച് നടത്തിയെങ്കിലും പൊലീസ് ഇവരെ തടഞ്ഞു.

Related Tags :
Similar Posts