ഗെയില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണം; മലപ്പുറം ഡിസിസി പ്രസിഡന്റിന്റെ നിരാഹാര സമരം തുടങ്ങി
|പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത വി.എം സുധീരന്‍ പറഞ്ഞു
ഗെയില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് 24 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത വി.എം സുധീരന്‍ പറഞ്ഞു. സമരം കെപിസിസി ഏറ്റെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സുധീരന്‍ വ്യക്തമായ മറുപടി പറഞ്ഞില്ല.
ഗെയില്‍ സമരത്തില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കെയാണ് മലപ്പുറം ഡിസിസി പ്രസിഡന്റിന്റെ നിരാഹാര സമരം. കലക്ട്രേറ്റിനു മുന്നില്‍ സജ്ജീകരിച്ച പന്തലിലാണ് 24 മണിക്കൂര്‍ നീളുന്ന നിരാഹാര സമരം ആരംഭിച്ചത്. ഗെയില്‍ കരാറുകാരുടെ ഗുണ്ടകളായി കേരളത്തിലെ പൊലീസ് മാറിയെന്ന് സമരം സുധീരന്‍ പറഞ്ഞു. മുസ്ലിം ലീഗ് എംഎല്‍എമാരായ കെഎന്‍എ ഖാദര്‍, ഹമീദ് മാസ്റ്റര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ സമരത്തിന് പിന്തുണയുമായെത്തി. നിരാഹാര സമരം നാളെ രാവിലെ പത്തിന് അവസാനിക്കും.