ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടാന്‍ വൈകി; സര്‍ക്കാര്‍ വാദത്തെ പിന്തുണച്ച് കണ്ണന്താനം
|കേരളം മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തലസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.
കേരളം മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തലസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല. കേന്ദ്രത്തിന്‍റെ എല്ലാ സഹായവും രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുത്തു. മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, ചീഫ് സെക്രട്ടറി, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍, എയര്‍ഫോഴ്സ്, നേവി, കോസ്റ്റല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
നവംബര്‍ മുപ്പതിനാണ് ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചതെന്ന് യോഗത്തിന് ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. നേരത്തെ മുന്നറിയിപ്പ് ലഭിക്കാതിരുന്നിട്ടും സംസ്ഥാനം മികച്ച രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് കണ്ണന്താനം പ്രശംസിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്‍റെ നിവേദനം ലഭിച്ചിട്ടുണ്ടെങ്കിലും പ്രഖ്യാപനം നടത്താനാകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇത്രയധികം മത്സ്യത്തൊഴിലാളികളെ കടലില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഇനിയും ഊര്‍ജിതമാക്കാനും ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്.