യുവാവിന്റെ ആത്മഹത്യ; മൂന്ന് പേര്‍ അറസ്റ്റില്‍
|അട്ടപ്പാടി സ്വദേശി സുധീഷിന്റെ മരണത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്
പ്രണയ ബന്ധത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അട്ടപ്പാടി സ്വദേശി സുധീഷിന്റെ മരണത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.
അട്ടപ്പാടി കാരറ സ്വദേശിയായ സുധീഷിനെ ഇന്നലെയാണ് വീടിനടുത്ത് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുധീഷ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നും, ഇത് അറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സുധീഷിനെ മര്‍ദ്ദിച്ചെന്നും സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. സുധീഷിന്‍റെ ആത്മഹത്യ കുറിപ്പിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അഗളി പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെയും ബന്ധുക്കളെയും പ്രദേശവാസിയെയും കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ബെന്നി , ചെറിയച്ഛന്‍ ബാബു, പ്രദേശവാസിയായ അനീഷ് എന്നിവരെ ചോദ്യം ചെയ്ത പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാരാക്കുമെന്ന് അഗളി പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ സുധീഷിന് കാര്യമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് മനോവിഷമം താങ്ങാനാവാതെ പുലര്‍ച്ചെയാണ് സുധീഷ് ആത്മഹത്യചെയ്യുന്നത്. സുധീഷിന്റെ അച്ഛൻ സോമൻ ആരോഗ്യ പ്രശ്നങ്ങളാൽ ഏറെ നാളായി ചികിത്സയിലാണ്.