80 വര്‍ഷത്തിലേറെ റോഡ് പുറമ്പോക്കില്‍ ജീവിക്കുന്ന ദലിത് കുടുംബങ്ങളെ കുടിയിറക്കുന്നു
|കോട്ടയം വാകത്താനത്ത് 80 വര്‍ഷത്തിലധികമായി റോഡ് പുറമ്പോക്കില്‍ താമസിക്കുന്ന മൂന്ന് ദലിത് കുടുംബങ്ങളെ കാരണമില്ലാതെ കുടിയിറക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നീക്കം.
കോട്ടയം വാകത്താനത്ത് 80 വര്‍ഷത്തിലധികമായി റോഡ് പുറമ്പോക്കില്‍ താമസിക്കുന്ന മൂന്ന് ദലിത് കുടുംബങ്ങളെ കാരണമില്ലാതെ കുടിയിറക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. ഏഴ് ദിവസത്തിനുള്ളില്‍ മാറിയില്ലെങ്കില്‍ കുടിയിറക്കുമെന്ന് കാട്ടി നോട്ടീസ് നല്കി. റോഡ് പുറമ്പോക്കില്‍ കടകളടക്കം ഉണ്ടെങ്കിലും ഇതെല്ലാം ഒഴിവാക്കിയാണ് ഈ കുടുംബങ്ങളെ മാത്രം കുടിയിറക്കുന്നത്.
വാകത്താനം പുതുപ്പള്ളി റോഡില്‍ പന്ത്രണ്ടാംകുഴിയിലാണ് മൂന്ന് ദലിത് കുടുംബങ്ങള്‍ താമസിക്കുന്നത്. 80 വര്‍ഷത്തിലധികമായി ഇവര്‍ ഈ റോഡരികില്‍ താമസിക്കുന്നുണ്ട്. റോഡ് വീതി കൂട്ടിയപ്പോള്‍ പോലും ഇവരെ ഇവിടെ നിന്ന് മാറ്റിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുനരധിവാസം പോലും ഉറപ്പാക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് ഇവരെ കുടിയിറക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
റോഡ് പുറമ്പോക്കില്‍ നിരവധി കടകളും വീടുകളും ഉണ്ട്. എന്നാല്‍ അതൊന്നും പൊളിച്ച് മാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയിട്ടില്ല. എന്നാല്‍ ഈ മൂന്ന് കുടുംബങ്ങളെ മാത്രം മാറ്റാനുള്ള നീക്കത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. സ്ഥലത്തിനും വീടിനും വേണ്ടി ഇവര്‍ നിരവധി തവണ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. വീടൊഴിയാന്‍ പൊതുമരാമത്ത് വകുപ്പ് അന്ത്യശാസനം നല്‍കിയതോടെ കുട്ടികളുമായി എവിടെ പോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവര്‍.