സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി തടയാന്‍ വിജിലന്‍സ്
|അഴിമതി പുറത്ത് കൊണ്ടുവരുന്ന ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കുലര്‍ പുറത്തിറക്കി.
സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി തടയാന്‍ വിജിലന്‍സ് നടപടികള്‍ ശക്തമാക്കുന്നു. അഴിമതി പുറത്ത് കൊണ്ടുവരുന്ന ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കുലര്‍ പുറത്തിറക്കി.
അഴിമതിക്കെതിരെ നിലപാടെടുത്ത വാണിജ്യ നികുതി ഉദ്യോഗസ്ഥന് നേരെ വധഭീഷണിയുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സുപ്രീം കോടതിയുടെ കൂടി ഇടപെടലിനെ തുടര്‍ന്നാണ് അഴിമതി പുറത്ത് കൊണ്ടുവരുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന വിസില്‍ ബ്ലോവേഴ്സ് ആക്ട് 2011 ല്‍ പാര്‍ലമെന്റ് പാസാക്കുന്നത്. എന്നാല്‍ നിയമം ഇത് വരെ പ്രായോഗികതലത്തില്‍ ഫലപ്രദമായില്ലെന്ന് വിമര്‍ശമയുര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും അഴിമതി പുറത്ത് കൊണ്ട് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികള്‍ വിജിലന്‍സ് ഊര്‍ജിതമാക്കിയിരിക്കുന്നത്. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എല്ലാ യൂണിറ്റുകള്‍ക്കും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഴിമതി പുറത്ത് കൊണ്ടുവരുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും സര്‍ക്കുലറിലുണ്ട്.