ചിലവന്നൂര്‍ ബണ്ട് റോഡിനായി ജിസിഡിഎ സ്ഥലമേറ്റെടുത്തതിലും ക്രമക്കേട്
|മറ്റ് ഭൂവുടമകള്‍ക്ക് കൈമാറിയ ഭൂമിയിലും ചട്ടങ്ങള്‍ ലംഭഘിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ 6 ലക്ഷത്തോളം രൂപ അനാവശ്യമായി ചിലവിട്ടതായും കണ്ടെത്തി.
കൊച്ചി ചിലവന്നൂര്‍ ബണ്ട് റോഡിന്റെ വികസനത്തിനായി ജിസിഡിഎ പരസ്പര കൈമാറ്റത്തിലൂടെ ഭൂമി ഏറ്റെടുത്തത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പകരം നല്കിയ ഭൂമിയില്‍ ചട്ടങ്ങള്‍ മറികടന്ന് അടിസ്ഥാനസൗകര്യങ്ങള്‍ സ്വന്തം നിലയില്‍ ജിസിഡിഎ ഒരുക്കിയതിലൂടെ ലക്ഷങ്ങള്‍ ചിലവഴിച്ചതായും ഓഡിറ്റിങില്‍ കണ്ടെത്തി. വ്യവസ്ഥകള്‍ ലംഘിച്ചുള്ള ഭൂമിയുടെ രജിസ്ട്രേഷനായി ചിലവിട്ട തുക ഓഡിറ്റ് വകുപ്പ് തടസപ്പെടുത്തി.
കേരള ഡെവലപ്പ്മെന്റ് അതോറിറ്റി റൂള്‍സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വിശാലകൊച്ചി വികസന അതോറിറ്റി. എന്നാല്‍ ബണ്ട് റോഡിന്റെ നിര്‍മാണത്തില്‍ ഈ നിയമങ്ങള്‍ ജിസിഡിഎ പാലിച്ചിട്ടില്ലെന്നാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തിയത്. ജിസിഡിഎയുടെ മൂന്ന് പദ്ധതി പ്രദേശങ്ങള്‍ ബന്ധിപ്പിക്കുന്ന ചിലവന്നൂര്‍ ബണ്ട് റോഡ് വീതി കൂട്ടുന്നതിലേക്കായി 4.8 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
ഇതിനായി പരസ്പര കൈമാറ്റത്തിലൂടെയാണ് ജിസിഡിഎ 21.10.1999 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്ഥലമെടുത്തത്.
ഇത്തരത്തില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ പദ്ധതിപ്രദേശത്ത് തന്നെ പകരം സ്ഥലം അനുവദിക്കണമെന്നാണ് ഉത്തരവിലെ വ്യവസ്ഥ. എന്നാല്‍ ഇത് ലംഘിച്ച ജിസിഡിഎ കെപി വള്ളോന്‍ റോഡിന് സമീപത്ത് നിന്നായി ഏറ്റെടുത്ത തോമസ് അഗസ്റ്റിന്റെ 27 സെന്റ് ഭൂമിക്ക് പകരം നല്‍കിയത് പനമ്പിള്ളി നഗറിലെ വിപണി മൂല്യമേറിയ ഭൂമി. മാത്രവുമല്ല, സ്ഥലമുടമ ആവശ്യപ്പെടാതെ തന്നെ സ്ഥലത്തിന് ചുറ്റുമതിലും ടാറിട്ട റോഡും ജിസിഡിഎ നിര്‍മിച്ചു നല്കി.
ഈ ഭൂമിയുടെ രജിസ്ട്രേഷനായി ജിസിഡിഎ 2,16,966 രൂപ ചിലവഴിക്കുകയും ചെയ്തു. ഉത്തരവിന് വിരുദ്ധമായി നടത്തിയ ഇടപാടായതിനാല്‍ രജിസ്ട്രേഷന് തുക ഓഡിറ്റ് വകുപ്പ് തടസ്സപ്പെടുത്തി. മറ്റ് ഭൂവുടമകള്‍ക്ക് കൈമാറിയ ഭൂമിയിലും ചട്ടങ്ങള്‍ ലംഭഘിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ 6 ലക്ഷത്തോളം രൂപ അനാവശ്യമായി ചിലവിട്ടതായും കണ്ടെത്തി. ഈ തുകയും സംസ്ഥാന ഓഡിറ്റ് വകുപ്പ് ഓഡിറ്റിലൂടെ തടസപ്പടുത്തി.