വിദ്യാഭ്യാസ മന്ത്രിക്കെതിരായ പരാതിയില്‍ വിജിലന്‍സ് നടപടി തുടങ്ങി
|ഡോ. ആര്‍ ശശികുമാറിനെ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പലാക്കിയതിനെതിരാണ് പരാതി
പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കെതിരായ പരാതിയില്‍ വിജിലന്‍സ് നടപടി തുടങ്ങി. പരാതിക്കാരനില്‍ നിന്ന് വിജിലന്‍സ് ഇന്ന് മൊഴിയെടുത്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമും പരാതിയില്‍ എതിര്‍കക്ഷിയാണ്. ഡോ. ആര്‍ ശശികുമാറിനെ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പലാക്കിയതിനെതിരെ നല്‍കിയ പരാതിയിലാണ് നടപടി. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
ഇടത് അധ്യാപക സംഘടനാ നേതാവായ ഡോ. ആര്‍ ശശികുമാറിനെ വിരമിക്കുന്ന ദിവസത്തില്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജ് പ്രിന്‍സപ്പലായി പ്രമോഷനോടെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ക്കകമായിരുന്ന നിയമനം. ശശികുമാറിന് ആനുകൂല്യം ലഭിക്കുന്നതിനായി നടത്തിയ അസാധാരണ നടപടി അഴമതിയാണെന്ന് കാണിച്ചാണ് പരാതിക്കാരനായ ഡോ. ബദറുദ്ദീന്‍ വിജിലന്‍സിനെ സമീപിച്ചത്. ജൂണില്‍ നല്‍കിയ പരാതിയില്‍ ഇപ്പോഴാണ് വിജിലന്‍സ് നടപടി ആരംഭിച്ചത്. പരാതിക്കാരനില്‍ നിന്ന് മൊഴിയെടുത്തു
വിജിലന്‍സ് തിരുവനന്തപരം യൂനിറ്റാണ് പരാതി പരിശോധിക്കുന്നത്. ഡിവൈഎസ്പി സതീഷ് കുമാറിനാണ് ചുമതല. വിദ്യാഭ്യാസ മന്ത്രിയെക്കൂടാതെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, സാങ്കേതിക വിദ്യാഭ്യാസ സെക്രട്ടറി ഡോ. വിജയകുമാര്‍, നിയമനം ലഭിച്ച ഡോ. ആര്‍ ശശികുമാര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. പരാതിയില്‍ ക്വിക്ക് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് വിജിലന്‍സ് കടന്നാല്‍ അത് വിദ്യാഭ്യാസമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും മറ്റൊരു പ്രതിസന്ധിയായി മാറും