സമരം അവസാനിപ്പിക്കാന്‍ സഹായം തേടി ലക്ഷ്മി നായര്‍ സിപിഐ ആസ്ഥാനത്ത്
|ലക്ഷ്മി നായർക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചതിന്റെ രേഖകൾ പുറത്തു വന്നു.
ലോ അക്കാദമി സമരം അവസാനിപ്പിക്കാൻ സഹായം അഭ്യർത്ഥിച്ച് ലക്ഷ്മി നായർ സിപിഐ ആസ്ഥാനത്തെത്തി. ലക്ഷ്മി നായർ മുന്നോട്ടു വെച്ച ആവശ്യങ്ങൾ പാർട്ടി തള്ളി. അതിനിടെ ലക്ഷ്മി നായർക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചതിന്റെ രേഖകൾ പുറത്തു വന്നു.
ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം 23 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ലക്ഷ്മി നായർ സഹായാഭ്യർത്ഥനയുമായി എംഎന്‍ സ്മാരകത്തിലെത്തിയത്. പിതാവ് ഡോ. എന്‍ നാരായണൻ നായരും ഒപ്പമുണ്ടായിരുന്നു. എഐഎസ്എഫ്നോടും എഐവൈഎഫ്നോടും സമര രംഗത്ത് നിന്ന് പിന്മാറാൻ നിർദേശിക്കണമെന്ന് ഇരുവരും പാർട്ടി സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം കാനം തള്ളി. എസ്എഫ്ഐയെ മാത്രം വിളിച്ച് ഒത്തുതീർപ്പ് ചർച്ച നടത്തിയത് ശരിയായില്ലെന്ന് പറഞ്ഞ കാനം സമരം തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും നിർദേശിച്ചു.
അതിനിടെ ലക്ഷ്മി നായർക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചതിന്റെ രേഖകൾ പുറത്തുവന്നു. സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. പുന്നൻ റോഡിൽ അക്കാദമിയുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഹെതർ കൺസ്ട്രക്ഷനെതിരെയും അന്വേഷണം നടക്കുന്നതായി രേഖകൾ വ്യക്തമാക്കുന്നു.
ഇതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ലോ അക്കാദമിയിലെ സമര പന്തലിലെത്തി. ഒരു സംഘടനയെ മാത്രം വിളിച്ചു ഒത്തുതീർപ്പ് ചർച്ച നടത്തിയത് ധിക്കാരപരമായ നടപടിയെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. ലോ അക്കാദമി സമരം ഇന്ന് 24 ആം ദിനത്തിലേക്ക് കടന്നു. കെ മുരളീധരന്റെയും വി വി രാജേഷിന്റെയും നിരാഹാര സമരവും തുടരുകയാണ്.