രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതി; വിജിലന്‍സിന് കോടതിയുടെ താക്കീത്
|കോടതികള്‍ രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ലെന്ന് വിജിലന്‍സിന് കോടതി മുന്നറിയിപ്പ് നല്‍കി
തുടര്‍ച്ചയായ രണ്ടാം ദിവസവും വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതികള്‍ രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ലെന്ന് വിജിലന്‍സിന് കോടതി മുന്നറിയിപ്പ് നല്‍കി. ഒരേ കേസില്‍ പരസ്പരവിരുദ്ധമായ രണ്ട് നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബാര്‍കോഴ കേസ് പരിഗണിക്കവെ ഹൈക്കോടതി വിമര്‍ശിച്ചു.
ബാര്‍കോഴക്കേസില്‍ തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണിയും കെ എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നോബിള്‍ മാത്യുവും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് വിജിലന്‍സിനെ വീണ്ടും ഹൈക്കോടതി വിമര്‍ശിച്ചത്. യുഡിഎഫ് ഭരണകാലത്ത് മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് ഇപ്പോഴെങ്ങനെയാണ് നിലപാട് മാറ്റിയതെന്ന് കോടതി ചോദിച്ചു. സര്‍ക്കാരുകളുടെ നിറം മാറുമ്പോള്‍ വിജിലന്‍സിന്റെ നിലപാട് മാറുന്നതെങ്ങനെയാണെന്ന് ഹൈക്കോടതി ചോദിച്ചു.
കീഴ്ക്കോടതിയില്‍ കേസ് എഴുതി തള്ളണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയശേഷം ഹൈക്കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെടുന്ന വിജിലന്‍സിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ പെരുമാറുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിജിലന്‍സിനോട് ചോദിച്ചു. വിജിലന്‍സിന് രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല ഹൈക്കോടതിയെന്ന് മനസിലാക്കണമെന്നും ഹൈക്കോടതി വിജിലന്‍സിന് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനകയറ്റം സംബന്ധിച്ചുള്ള കേസ് പരിഗണിക്കുമ്പോഴും കോടതി വിജിലന്‍സിയെനും വിജിലന്‍സ് കോടതികളെയും വിമര്‍ശിച്ചിരുന്നു.