Kerala
Kerala

മദ്യശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ: സിപിഎം ഭരണസമിതികള്‍ക്കെതിരെ ആലപ്പുഴ ജില്ലാനേതൃത്വം

Sithara
|
22 April 2018 12:02 PM GMT

പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയവര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ആവശ്യപ്പെട്ടു

മാറ്റിസ്ഥാപിച്ച മദ്യവില്‍പന ശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്ത ഗ്രാമപഞ്ചായത്തുകള്‍ക്കെതിരെ സിപിഎം ആലപ്പുഴ ജില്ലാനേതൃത്വം. പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയവര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്‍റുമാരായി തുടരണമെങ്കില്‍ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കേണ്ടി വരുമെന്നും സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

ദേശീയ - സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് മാറ്റിസ്ഥാപിക്കുന്ന മദ്യവില്‍പനശാലകള്‍ക്ക് യുഡിഎഫ് നേതൃത്വത്തിലുള്ള ആലപ്പുഴ നഗരസഭ ഭരണസമിതി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. സിപിഎം അംഗങ്ങളുടെ കൂടി പിന്തുണയോടെയാണ് ഭരണസമിതി ഈ തീരുമാനമെടുത്തത്. ഇതിന് പുറമെ ജില്ലയില്‍ സിപിഎം ഭരിക്കുന്ന മൂന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതികളും മാറ്റിസ്ഥാപിക്കുന്ന മദ്യവില്‍പനശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ വികസന ഫണ്ട് നല്‍കുന്നത് മദ്യ വില്‍പനയിലൂടെ ലഭിക്കുന്ന പണം കൂടി ചേര്‍ത്താണെന്നും അത് വാങ്ങിയ ശേഷം വില്‍പനശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കാന്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. നിരവധി സാമൂഹിക പ്രശ്നങ്ങള്‍ക്കിടയാക്കുന്ന തീരുമാനമാണ് ഒരാലോചനയുമില്ലാതെ ഭരണസമിതികള്‍ കൈക്കൊണ്ടതെന്നും സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ആലപ്പുഴ നഗരസഭ ഒരു വില്‍പനശാലയ്ക്കും സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടില്ലെന്നും ഇപ്പോള്‍ ഒരു വില്‍പനശാലയും പുതുതായി ആരംഭിച്ചിട്ടില്ലെന്നും നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും സജി ചെറിയാന്‍ ആരോപിച്ചു.

Related Tags :
Similar Posts