ചെങ്ങന്നൂരില്‍ ചതുഷ്കോണ മത്സരം
|പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്ക്കുന്ന ചെങ്ങന്നൂരില്‍ ഇത്തവണ കാര്യങ്ങള്‍ ആര്‍ക്കും അത്ര എളുപ്പമാകില്ല.
പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്ക്കുന്ന ചെങ്ങന്നൂരില്‍ ഇത്തവണ കാര്യങ്ങള്‍ ആര്‍ക്കും അത്ര എളുപ്പമാകില്ല. നിലനിര്‍ത്താന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ പിടിച്ചെടുക്കാന്‍ ഇടതു മുന്നണി പോരടിക്കുമ്പോള്‍ കണക്കു കൂട്ടലുകള്‍ പിഴക്കാത്ത വിധമാണ് ബിജെപിയുടെ മത്സരം. എന്നാല്‍ മുന്നണികളെയെല്ലാം വെല്ലുവിളിച്ചാണ് ഇവിടെ കോണ്‍ഗ്രസിന്റെ വിമത സാന്നിധ്യം. അക്ഷരാര്‍ഥത്തില്‍ ചതുഷ് കോണ മത്സരം.
ജാതി വോട്ടുകള്‍ നിര്‍ണായകമാകുന്ന ഇവിടെ മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇക്കുറി അക്കാര്യം ശ്രദ്ധിച്ചു. യുഡിഎഫിനായി സിറ്റിംഗ് എംഎല്‍എ പിസി വിഷ്ണു നാഥും, ഇടതു മുന്നണിക്കായ് കെകെ. രാമചന്ദ്രന് നായരും, എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി നേതാവ് പിഎസ് ശ്രീധരന് പിള്ള എന്നിവര്‍ക്കൊപ്പം സ്വതന്ത്രയായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭന ജോര്‍ജും അങ്കത്തട്ടിലുണ്ട്. ഇതോടെ ഇവിടെ മത്സരം അന്തരീക്ഷ ചൂടിനെ കവച്ച് വക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയായി തന്നെ തുണച്ച മണ്ഡലം ഇത്തവണയും തുണക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രതീക്ഷ. എംഎല്‍എ നടത്തിയെന്നു പറയുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൊള്ളയാണെന്ന് കാട്ടിയാണ് ഇടതുപക്ഷത്തിന്റെ വോട്ട് തേടല്‍.
എന്നാല്‍ ജാതി വോട്ടില്‍ കണ്ണ് വക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി അത്തരം വോട്ടുകളുറപ്പിച്ചുവെന്നാണ് അവകാശ വാദം. എന്നാല്‍ മുന്‍പ് മൂന്ന് തവണ ചെങ്ങന്നൂരുകാര്‍ നല്കിയ പിന്തുണ ഒറ്റക്ക് നിന്ന് നേടാമെന്നാണ് മത്സരത്തിന്റെ ദിശ നിര്‍ണയിക്കാന്‍ സാധ്യതയുള്ള സ്വതന്ത്രയുടെ മനസ്സിലിരുപ്പ്. സ്ഥാനാര്‍ഥികളെല്ലാം പ്രത്യക്ഷത്തില്‍ ഇങ്ങനെയൊക്കെപ്പറയുന്നുണ്ടെങ്കിലും എല്ലാവരും നല്ല അങ്കലാപ്പിലാണ്. ഓരോരുത്തരും പിടിക്കുന്ന വോട്ടുകളും ആരെയാകും ബാധിക്കുകയെന്ന ഗവേഷണത്തിലാണ് ഓരോ ദിവസവും. അന്തിമമായി വിജയം തങ്ങള്‍ക്കനുകൂലമാക്കാനുള്ള നെട്ടോട്ടമാണ് ചെങ്ങന്നൂരിന്റെ മണ്ണില്‍ ഓരോ സ്ഥാനാര്‍ഥികളും നടത്തുന്നത്.