Kerala
കലാലയ രാഷ്ട്രീയ വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്കലാലയ രാഷ്ട്രീയ വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്
Kerala

കലാലയ രാഷ്ട്രീയ വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

Sithara
|
22 April 2018 9:35 AM GMT

ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കാനാണ് തീരുമാനം. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാകും തീരുമാനം.

കലാലയ രാഷ്ട്രീയത്തിനുള്ള വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്. ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കാനാണ് തീരുമാനം. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാകും തീരുമാനം.

ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കുകയോ അല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുകയോ ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് വിശദമായ നിയമോപദേശം തേടും. മുതിര്‍ന്ന അഭിഭാഷകരോടും അഭിപ്രായം തേടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കലാലയ രാഷ്ട്രീയം നിരോധിക്കുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ക്യാമ്പസുകളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി വീണ്ടും ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

വിധിക്കെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. കാമ്പസുകളില്‍ സത്യഗ്രഹം പോലും പാടില്ലെന്ന വിധി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സ്പീക്കര്‍ പ്രതികരിച്ചു.

പഠനവും രാഷ്ട്രീയവും ക്യാമ്പസില്‍ ഒന്നിച്ചു പോവില്ലെന്നും പഠിക്കുന്നതും പഠിപ്പിക്കുന്നതുമായ സ്ഥലത്ത് എന്തിനാണ് രാഷ്ട്രീയപ്രവർത്തനമെന്നുമാണ് ഹൈക്കോടതിയുടെ പരാമര്‍ശം. പള്ളിയിലോ അമ്പലത്തിലോ ധർണ നടത്താറുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. വിധിക്കെതിരെ സര്‍ക്കാര്‍ കൂടി രംഗത്ത് വന്നതോടെ വിദ്യാര്‍‌ഥി പ്രസ്ഥാനങ്ങള്‍ അനുകൂല തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ്.

Related Tags :
Similar Posts