ഐഎസ്ആര്‍ഒ ചാരക്കേസില്‍ വെളിപ്പെടുത്തലുമായി നമ്പി നാരായണന്‍റെ ആത്മകഥ
|ആത്മകഥ ഓര്‍മകളിലെ ഭ്രമണപഥം എന്ന പുസ്തകം ശശി തരൂര്‍ എംപി പ്രകാശനം ചെയ്തു
ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച വെളിപ്പെടുത്തലുകളുമായി നമ്പി നാരായണന്‍റെ ആത്മകഥ. ഓര്‍മകളിലെ ഭ്രമണപഥം എന്ന പുസ്തകം ശശി തരൂര്‍ എംപി പ്രകാശനം ചെയ്തു. ചാരക്കേസില്‍ കുറ്റാരോപിതനായ ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. ശരിയായ ദിശയില്‍ അന്വേഷണം നടന്നിട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് നമ്പി നാരായണന്‍.
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെയുള്ള വെളിപ്പെടുത്തലാണ് പുസ്തകത്തില്‍ പ്രധാനമായുള്ളത്. തന്നെ ചോദ്യം ചെയ്യാന്‍ മൂന്ന് മിനിറ്റ് പോലുമെടുക്കാത്ത സിബി മാത്യൂസ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്നോട് മാപ്പ് ചോദിച്ചതായി അഞ്ചാം അധ്യായത്തില്‍ അദേഹം പറയുന്നുണ്ട്.
ഇനിയൊരാള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവരുത്. സമൂഹ മധ്യേ അപമാനിക്കപ്പെട്ട്. ജീവിതം നഷ്ടമായ ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് ശശി തരൂര്‍ എം പി പറഞ്ഞു. അപമാനിതനായി കഴിഞ്ഞ കാലത്തെ കുറിച്ച് വളരെ കുറച്ച് മാത്രമാണ് നമ്പി നാരായണന്‍ മറുപടി പ്രസംഗത്തില്‍ സംസാരിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പ്രകാശനചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.