Kerala
തോമസ്ചാണ്ടിക്കെതിരെ ഹൈക്കോടതി പരാമര്‍ശം; പ്രതിപക്ഷം പ്രതിസന്ധിയില്‍തോമസ്ചാണ്ടിക്കെതിരെ ഹൈക്കോടതി പരാമര്‍ശം; പ്രതിപക്ഷം പ്രതിസന്ധിയില്‍
Kerala

തോമസ്ചാണ്ടിക്കെതിരെ ഹൈക്കോടതി പരാമര്‍ശം; പ്രതിപക്ഷം പ്രതിസന്ധിയില്‍

Subin
|
22 April 2018 2:39 PM GMT

ബാര്‍കോഴക്കേസിലെ ഹൈകോടതി പരാമര്‍ശത്തെ തുടര്‍ന്ന് കെഎം മാണി രാജിവെച്ച സാഹചര്യവും സര്‍ക്കാരിനെയും മുന്നണിയും അലട്ടുന്നുണ്ട്. അതേസമയം ഹൈകോടതിയില്‍ ഹരജി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന നിലപാടിലാണ് തോമസ് ചാണ്ടി.

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈകോടതി പരാമര്‍ശം കൂടി വന്നതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണനും എല്ലാവര്‍ക്കും തുല്യനീതിയെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചത് ഇടത് മുന്നണി കടുത്ത നടപടിയിലേക്ക് പോകുമെന്ന സൂചന നല്‍കുന്നു. എന്നാല്‍ ഹൈകോടതിയിലെ ഹരജിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് മന്ത്രി തോമസ്ചാണ്ടിയുടെ ഓഫീസ് പ്രതികരിച്ചു

കായല്‍കയ്യേറ്റവും നിലം നികത്തലും സ്ഥിരീകരിച്ച് ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന ആവശ്യം എല്‍ ഡി എഫില്‍ ശക്തമായിരുന്നു. സി പി ഐ ദേശീയ നേതൃത്വം അടക്കം കടുത്ത നിലപാട് സ്വീകരിച്ചു. തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന ഹൈകോടതി പരാമര്‍ശം കൂടി വന്നതോടെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലായി എല്‍ ഡി എഫ്. മന്ത്രി രാജി വേണമെന്ന നിലപാടിലാണ് എല്‍ ഡി എഫില്‍ ഒരു വിഭാഗം. ഹൈകോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചാല്‍ മാത്രം രാജി മതിയെന്ന അഭിപ്രായമുള്ളവരും മുന്നണിയിലുണ്ട്. മുഖ്യമന്ത്രി ഹൈകോടതി പരാമര്‍ശത്തോട് പ്രതികരിച്ചില്ല.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെയും സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെയും പ്രതികരണം കരുതലോടെയായിരുന്നു. ബാര്‍കോഴക്കേസിലെ ഹൈകോടതി പരാമര്‍ശത്തെ തുടര്‍ന്ന് കെഎം മാണി രാജിവെച്ച സാഹചര്യവും സര്‍ക്കാരിനെയും മുന്നണിയും അലട്ടുന്നുണ്ട്. അതേസമയം ഹൈകോടതിയില്‍ ഹരജി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന നിലപാടിലാണ് തോമസ് ചാണ്ടി. വിശദമായ വിചാരണയില്‍ വസ്തുതകള്‍ കോടതി ബോധ്യപ്പെടുത്താനാകുമെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

Related Tags :
Similar Posts