കോഴിക്കോട് ഡിഫ്തീരിയ പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്
|മലപ്പുറം ജില്ലക്ക് പിന്നാലെ കോഴിക്കോട് ജില്ലയിലും ഡിഫ്തീരിയ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയില്‍
മലപ്പുറം ജില്ലക്ക് പിന്നാലെ കോഴിക്കോട് ജില്ലയിലും ഡിഫ്തീരിയ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയില്‍. കാരശേരിയിലാണ് കഴിഞ്ഞ ദിവസം ഒരു ഡിഫ്തീരിയ കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തത്. ഡിഫ്തീരിയ ബാധിച്ചവരുടെ വീടിന് സമീപം താമസിക്കുന്നവര്‍ക്കും പ്രതിരോധ കുത്തിവെപ്പെടുക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
പകര്‍ച്ചപ്പനിക്ക് പിന്നാലെ ഡിഫ്തീരിയ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആശങ്കയിലാണ് കോഴിക്കോട് ജില്ലയിലെ മലയോര മേഖല. രണ്ട് ദിവസം മുമ്പ് ഒരു ഡോക്ടര്‍ക്കടക്കം മൂന്ന് പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. ഇതിനെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഇതിനു പിന്നാലെയാണ് കാരശേരിയില്‍ ഒരു ഡിഫ്തീരിയ കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
കുട്ടികള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കു പുറമേ വീടുകളിലെത്തിയും ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവെപ്പുകള്‍ നല്‍കുന്നുണ്ട്. മലയോരമേഖലകളില്‍ ഡെങ്കിപ്പനിയും പടര്‍ന്ന് പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. കാരശേരി, താമരശേരി, കൂരാച്ചുണ്ട് മേഖലകളിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.