എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തണലൊരുക്കാന്‍ എന്‍വിസാജ്
|ബെള്ളൂറടുക്കയിൽ ദുരിതബാധിതർക്കായി 6 വീടുകളാണ് ഒരുങ്ങുന്നത്. എൻവിസാജ് നടപ്പിലാക്കുന്ന സഹജീവനം ബദലിന്റെ ഭാഗമായാണ് പദ്ധതി.
എൻവിസാജിന്റെ നേതൃത്വത്തിൽ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്ക് വീടൊരുങ്ങുന്നു. ബെള്ളൂറടുക്കയിൽ ദുരിതബാധിതർക്കായി 6 വീടുകളാണ് ഒരുങ്ങുന്നത്. എൻവിസാജ് നടപ്പിലാക്കുന്ന സഹജീവനം ബദലിന്റെ ഭാഗമായാണ് പദ്ധതി.
പ്രഫ. എംഎ റഹ്മാന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എൻവിസാജ് കാറഡുക്ക പഞ്ചായത്തിലെ ബെള്ളൂറടുക്കയിൽ സ്വകാര്യ വ്യക്തിയിൽനിന്നും വാങ്ങിയ 36 സെന്റ് സ്ഥലത്താണ് ആറ് വീടുകൾ നിർമ്മിക്കുന്നത്. 537 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ളതാണ് ഒരോ വീടും. ഇതിനോട് ചേർന്ന് ഒരു കമ്മ്യൂണിറ്റി സെന്ററും സ്ഥാപിക്കുന്നുണ്ട്. ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് സ്വയംപര്യാപ്ത ജീവിതസാഹചര്യം ഒരുക്കുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായുണ്ട്. ആദ്യ വീടിനോട് ചേർന്ന് ഒരു കടമുറി ഒരുക്കിയിട്ടുണ്ട്. മറ്റ് വീട്ടുകാർക്ക് ആട്-കോഴി ഫാമുകള്‍, ചക്ക അനുബന്ധ ഉത്പന്നങ്ങളുണ്ടാക്കുന്നതിനുള്ള സംവിധാനം എന്നിവയാണ് ഒരുക്കുന്നത്.
2013-ലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. എന്നാൽ പദ്ധതി പ്രദേശത്തേക്ക് റോഡും വൈദ്യുതലൈനും നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാന്റേഷന് കോര്പ്പറേഷന് ഉന്നയിച്ച തടസ്സം കാരണം പദ്ധതി ആരംഭിക്കാനായില്ല. രണ്ട് വർഷത്തെ ശ്രമത്തിനൊടുവില്‍ 2015 ലാണ് വൈദ്യുത ലൈൻ സ്ഥാപിക്കാനായത്. നാട്ടുകാരുടെയും വിവിധ വിദ്യാലയങ്ങളിലെ എൻഎസ്എസ് വളണ്ടിയർമാരുടെയും പങ്കാളിത്തത്തോടെയാണ് വീടുപണി.