സംരക്ഷിത അധ്യാപകരുടെ കഴിഞ്ഞ വര്‍ഷത്തെ ശമ്പളം തിരിച്ചുപിടിക്കും
|4000ത്തിലധികം അധ്യാപകര്‍ ശമ്പളം തിരിച്ച് നല്‍കേണ്ടി വരും.
സംരക്ഷിത അധ്യാപകരുടെ കഴിഞ്ഞ വര്‍ഷത്തെ ശമ്പളം തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭ തീരുമാനപ്രകാരമാണ് ഉത്തരവിറക്കിയത്. 4000ത്തിലധികം അധ്യാപകര്‍ ശമ്പളം തിരിച്ച് നല്‍കേണ്ടി വരും. ഉത്തരവിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
കെഇആര്‍ പ്രകാരം ജൂലൈ മാസത്തില്‍ സംരക്ഷിതരായവരെ പുനര്‍വിന്യസിക്കണം. എന്നാല്‍ 2015-16 അധ്യായന വര്‍ഷത്തിലുള്ളവരെ പുനര്‍വിന്യസിച്ച് ജനുവരി 29ന് ഉത്തരവിറങ്ങിയെങ്കിലും പുനര്‍വിന്യാസം നടന്നത് ഈ വര്‍ഷം ആഗസ്തിലാണ്. അതേസമയം 2015 ജൂലൈ മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നു. ഈ കാലയളവില്‍ ഇവര്‍ കൈപ്പറ്റിയ ശമ്പളം ഈ മാസം മുതല്‍ അടുത്ത അഞ്ച് മാസങ്ങളിലായി തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭ തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നാലായിരത്തിലധികം അധ്യാപകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നതാണ് ഈ തീരുമാനം.
ഈ വര്‍ഷം ആഗസ്റ്റില്‍ നടന്ന പുനര്‍വിന്യാസപ്രകാരം 3000ത്തോളം പേര്‍ക്ക് തസ്തിക ലഭിച്ചെങ്കിലും ആയിരത്തിലധികം പേര്‍ ഇപ്പോഴും തസ്തിക ഇല്ലാത്തവരായുണ്ട്. പുനര്‍വിന്യസിക്കപ്പെടാത്ത സംരക്ഷിത അധ്യാപകരെ ശൂന്യ വേതന അവധിയിലുള്ളവരായി ക്രമീകരിക്കാനേ സാധിക്കൂ എന്നാണ് സര്‍ക്കാര്‍ വിശദീകരണം.