Kerala
നോട്ട് അസാധുവാക്കല്‍ കേരളത്തിന് തിരിച്ചടിയായിനോട്ട് അസാധുവാക്കല്‍ കേരളത്തിന് തിരിച്ചടിയായി
Kerala

നോട്ട് അസാധുവാക്കല്‍ കേരളത്തിന് തിരിച്ചടിയായി

Sithara
|
23 April 2018 4:59 AM GMT

ഗൃഹപാഠം ചെയ്യാതെയും മുന്നൊരുക്കങ്ങള്‍ നടത്താതെയുമുളള നീക്കം സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കി

500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി കേരളത്തിന് ഇരുട്ടടിയായി. ഗൃഹപാഠം ചെയ്യാതെയും മുന്നൊരുക്കങ്ങള്‍ നടത്താതെയുമുളള നീക്കം സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കി. നോട്ട് അസാധുവാക്കിയ നടപടി ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ ശക്തമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനത്തെ കേന്ദ്ര തീരുമാനം സാരമായാണ് ബാധിച്ചത്. സംസ്ഥാന ഖജനാവിലേക്കുള്ള വരുമാനത്തില്‍ നല്ലൊരു പങ്കും സംഭാവന ചെയ്യുന്ന രജിസ്ട്രേഷന്‍ വകുപ്പിനെ 500, 1000 നോട്ട് നിരോധം പ്രതിസന്ധിയിലാക്കി. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിവിധ രജിസ്ട്രേഷനുകളിലൂടെ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന വരുമാനം കുത്തനെ ഇടിഞ്ഞു. വില്‍പ്പന നികുതി, മൂല്യവര്‍ധിത നികുതി, വാഹന നികുതി തുടങ്ങിയവയില്‍ നിന്നുള്ള റവന്യൂ വരുമാനവും കുറഞ്ഞു. നോട്ട് നിരോധത്തെ തുടർന്ന് കെഎസ്ആർടിസിക്ക് പ്രതിദിനം ഒരു കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്. സമീപകാലത്തായി തളര്‍ച്ച നേരിടുന്ന നിര്‍മാണ മേഖലക്കും കനത്ത തിരിച്ചടിയായി തീരുമാനം.

മാസാമാസം 1000 കോടിയോളം രൂപ കടമെടുത്താണ് സംസ്ഥാനം ശമ്പളവും പെന്‍ഷനും നല്‍കി വരുന്നത്. നാണ്യവിളകളുടെ വിലയിടിവും കസ്തൂരിരംഗന്‍ പ്രശ്‌നവും പെട്രോളിയത്തിന്റെ വിലയിടിവും മൂലം പുറംവരുമാനത്തില്‍ സംസ്ഥാനം കുറവു നേരിട്ടു കൊണ്ടിരിക്കുകയാരുന്നു. നോട്ടുകള്‍ അസാധുവാക്കിയുളള കേന്ദ്രം തീരുമാനം കൂടിയായപ്പോള്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ചതുപോലെയായി സംസ്ഥാനത്തിന്റെ സ്ഥിതി.

Related Tags :
Similar Posts