ലോറി സമരം: നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍
|കോട്ടയത്ത് ഏക്കറ് കണക്കിന് പാടശേഖരത്തെ നെല്ലാണ് കൊയ്തിട്ടും മില്ലുകളിലേക്ക് കൊണ്ടുപോകാനാകാതെ കൂട്ടിയിട്ടിരിക്കുന്നത്
ലോറി സമരം തുടരുന്നത് നെല്‍കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നു. കോട്ടയത്ത് ഏക്കറ് കണക്കിന് പാടശേഖരത്തെ നെല്ലാണ് കൊയ്തിട്ടും മില്ലുകളിലേക്ക് കൊണ്ടുപോകാനാകാതെ കൂട്ടിയിട്ടിരിക്കുന്നത്. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ മഴയും കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് ലോറി ഉടമകള്‍ സമരത്തിലാണ്. ഇതാണ് സാധാരണക്കാരായ കര്‍ഷകരെ ദുരിതത്തിലാക്കിയത്. കോട്ടയം ഗ്രാമന്‍ചിറ, കാഞ്ഞിരം തുടങ്ങിയ പ്രദേശത്ത 600 ഏക്കര്‍ പാടശേഖരത്താണ് കൊയ്തിട്ട നെല്ല് മില്ലിലേക്ക് കൊണ്ടുപോകാനാകാതെ കൂട്ടിയിട്ടിരിക്കുന്നത്. 20 ദിവസത്തിലധികമായി നെല്ല് സംഭരണം നടന്നിട്ട്. ഇതിനിടെ അപ്രതീക്ഷിതമായി പെയ്യുന്ന മഴയും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
കഴിഞ്ഞ ദിവസം ഗ്രാമന്‍ചിറയില്‍ ചില ലോറികള്‍ നെല്ല് കയറ്റാന്‍ തയ്യാറായെങ്കിലും സമരാനുകൂലികള്‍ ഇത് തടഞ്ഞിരുന്നു. പാടത്ത് കിടക്കുന്ന നെല്ല് നശിക്കുന്നതിന് മുന്‍പ് മില്ലുകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.