Kerala
മലപ്പുറത്ത് വികസന ചര്‍ച്ചക്ക് ഇടമില്ല; ദേശീയ-സംസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങള്‍ മാത്രം ചര്‍ച്ചമലപ്പുറത്ത് വികസന ചര്‍ച്ചക്ക് ഇടമില്ല; ദേശീയ-സംസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങള്‍ മാത്രം ചര്‍ച്ച
Kerala

മലപ്പുറത്ത് വികസന ചര്‍ച്ചക്ക് ഇടമില്ല; ദേശീയ-സംസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങള്‍ മാത്രം ചര്‍ച്ച

Khasida
|
23 April 2018 8:56 PM GMT

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കടുത്ത വീറും വാശിയും എങ്ങും ദൃശ്യമാണ്.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കടുത്ത വീറും വാശിയും എങ്ങും ദൃശ്യമാണ്. ദേശീയ-സംസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പില്‍ വികസന പ്രശ്നങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല.


രാജ്യത്തിന് ഭീഷണിയായ ഹിന്ദുത്വ തീവ്രവാദത്തെ ചെറുക്കാന്‍ ആര്‍ക്കാണ് ശേഷിയെന്ന കാര്യത്തില്‍ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും അവകാശ വാദങ്ങളാണ് പ്രചരണത്തിന്‍റെ ആദ്യ ദിനങ്ങളില്‍ മുഴങ്ങിക്കേട്ടത്.

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന പിന്നീട് ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത് വന്നു. കാനം രാജേന്ദ്രനും ജി സുധാകരനും കോടിയേരിയുടെ നിലപാടിനെ തള്ളിയെങ്കിലും കുറച്ച് കൂടി വ്യക്തതയോടെയും യുക്തിപൂര്‍വ്വവും തന്‍റെ നിലപാട് കോടിയേരി ആവര്‍ത്തിച്ചു. എസ്ഡിപിഐയുടെയും വെല്‍ഫെയര്‍പാര്‍ടിയുടെയും പിന്തുണ തേടുക വഴി യുഡിഎഫ് വര്‍ഗീയതക്ക് വഴിപ്പെട്ടുവെന്ന വിമര്‍ശമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇടതുപക്ഷം ഉന്നയിച്ചത്

ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ ഡിജിപി ഓഫീസിനു മുന്നില്‍ പോലീസ് വലിച്ചിഴച്ചത് ചര്‍ച്ചകളുടെ ഗതി മാറ്റി. യുഡിഎഫ് നേതാക്കളെല്ലാം ഈ വിഷയമാണിപ്പോള്‍ സജീവമായി ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് എത്തിയപ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ വിശദീകരണം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

താന്‍ വിജയിച്ചാല്‍ മലപ്പുറത്ത് നല്ല ബീഫ് ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീ പ്രകാശ് പാര്‍ടിയില്‍ ഒറ്റപ്പെട്ടതോടെ നിലപാട് തിരുത്തി പിന്‍വാങ്ങി.

കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന പ്രതിസന്ധിയും പ്രവാസികളുടെ പ്രശ്നങ്ങളും എല്‍ഡിഎഫ് ഉന്നയിക്കുന്നുണ്ടെങ്കിലും യുഡിഎഫിന്‍റെ വര്‍ഗീയ സഖ്യം, മഹിജക്കെതിരായ പോലീസ് നടപടി എന്നീ വിഷയങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ മേല്‍ക്കൈ.

Similar Posts