പരവൂരില്‍ പൊട്ടിച്ചത് 8 ലക്ഷം രൂപയുടെ കരിമരുന്ന്; രക്ഷാപ്രവര്‍ത്തനം വൈകി
|പരവൂരില്‍ കമ്പപ്പുരയില്‍ ഉണ്ടായ തീപിടുത്തമാണ് ഉഗ്ര സ്ഫോടനത്തില്‍ കലാശിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ ചിതറി തെറിച്ചും തീ പൊള്ളലേറ്റുമാണ് പലര്‍ക്കും പരിക്കേറ്റത്.
പരവൂരില്‍ കമ്പപ്പുരയില്‍ ഉണ്ടായ തീപിടുത്തമാണ് ഉഗ്ര സ്ഫോടനത്തില്‍ കലാശിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ ചിതറി തെറിച്ചും തീ പൊള്ളലേറ്റുമാണ് പലര്‍ക്കും പരിക്കേറ്റത്. രക്ഷാ പ്രവര്‍ത്തനം വൈകിയത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ രാത്രി 11 മണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. പുലരും വരെ വെടിക്കെട്ട് നടക്കുകയാണ് ഇവിടുത്തെ പതിവ്. മത്സര കമ്പം ആരംഭിച്ചതോടെ ഉഗ്ര ശേഷിയുള്ള കരിമരുന്നുകള്‍ കമ്പപ്പുരയിലേക്ക് എത്തിച്ചിരുന്നു. മൂന്നരയോടെയാണ് സ്ഫോടനം ഉണ്ടായത്.
കോണ്‍ക്രീറ്റില്‍ തീര്‍ത്ത കമ്പപ്പുരയും ദേവസ്വം കെട്ടിടവും നിശേഷം തകര്‍ന്നു. കോണ്‍ക്രീറ്റ് ചീളുകള്‍ തെറിച്ചും തീപ്പൊള്ളലേറ്റുമാണ് പലര്‍ക്കും പരിക്കേറ്റത്. വെടിക്കെട്ട് നടക്കുന്നതിന് ദൂരേ മാറി നിന്നവര്‍ക്ക് പോലും പരിക്ക് പറ്റിയിട്ടുണ്ട്. 8 ലക്ഷത്തില്‍ പരം രൂപയുടെ കരിമരുന്നാണ് കമ്പക്കെട്ടിനായി കരുതിയിരുന്നത്. അപകടം നടന്നത് പുലര്‍ച്ചെയായതിനാല്‍ രക്ഷാ പ്രവര്‍ത്തനവും വൈകി. ലഭ്യമായ വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്.
സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേര് ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. തെരുവ് കച്ചവടക്കാരടക്കം ഇതര സംസ്ഥാനക്കാരായ നിരവധി പേരും അപകട സ്ഥലത്ത് ഉണ്ടായിരുന്നു.