നെല്ല് സംഭരിച്ചതിന്റെ പണം നല്‍കുന്നതില്‍ നിയന്ത്രണം; ബാങ്കുകള്‍ക്കെതിരെ കര്‍ഷകര്‍
|നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് നെല്‍കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവുന്നത്
നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള സൌകര്യം ബാങ്കുകള്‍ എല്ലാ ദിവസവും ഒരുക്കാത്തത് കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് നെല്‍കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവുന്നത്. നെല്ല് സംഭരിക്കുമ്പോള്‍ തന്നെ പണം നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നടപ്പായാലും അതിന്റെ ഗുണം കര്‍ഷകരിലെത്തുന്നത് തടസ്സപ്പെടുത്തുകയാണ് ബാങ്കുകളുടെ ഈ നടപടിയെന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍ പറയുന്നു.
നെല്ലെടുത്ത് അതിന്റെ അളവും തുകയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി നല്‍കുന്നത് ബാങ്കില്‍ ഹാജരാക്കിയാണ് കര്‍ഷകര്‍ പണം കൈപ്പറ്റേണ്ടത്. എന്നാല്‍ നെല്ലെടുത്തതിന്റെ പണത്തിനായി ബാങ്കിലെത്തുന്ന കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ എല്ലാ ദിവസവും ബാങ്കുകകള്‍ തയ്യാറല്ല. കുട്ടനാടന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മാത്രമേ ബാങ്കുകള്‍ പണം നല്‍കൂ. അതായത് ഒരു ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആണ് സിവില്‍ സപ്ലൈസ് ഒരു കര്‍ഷകന്റെ നെല്ലെടുക്കുന്നതെങ്കില്‍ പണം കൃത്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ പോലും ലഭിക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച ആ കര്‍ഷകന്‍ കാത്തിരിക്കേണ്ടി വരും.
നിലവില്‍ നെല്ലെടുത്തതിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കാന്‍ വൈകുന്നുവെന്ന പരാതി കൂടി നിലനില്‍ക്കെ ബാങ്കുകളുടെ ഈ നിബന്ധന കൂടുതല്‍ ബുദ്ധിമുട്ടാണ്ടുക്കുന്നുവെന്നാണ് കര്‍ഷകരുടെ പരാതി.