ജോയ്സ് ജോര്‍ജിന്‍റെ വിവാദഭൂമി ഉള്‍പ്പെടുന്ന സ്ഥലത്തിന്‍റെ രേഖകള്‍ കാണാതായി
|കൊട്ടക്കമ്പൂരില്‍ ജോയ്സ് ജോര്‍ജിന്‍റെയും കുടുംബത്തിന്‍റെയും ഭൂമി ഉള്‍പ്പെടുന്ന 58 ആം ബ്ലോക്കിലെ 9000 ഏക്കര്‍ സ്ഥലത്തിന്‍റെ രേഖകള്‍ കാണാതായതായി റിപ്പോര്‍ട്ട്.
കൊട്ടക്കമ്പൂരില്‍ ജോയ്സ് ജോര്‍ജിന്‍റെയും കുടുംബത്തിന്‍റെയും ഭൂമി ഉള്‍പ്പെടുന്ന 58 ആം ബ്ലോക്കിലെ 9000 ഏക്കര്‍ സ്ഥലത്തിന്‍റെ രേഖകള്‍ കാണാതായതായി റിപ്പോര്‍ട്ട്. ജോയ്സ് ജോര്‍ജിന്‍റെ പട്ടയം റദ്ദാക്കിയ സബ് കലക്ടറുടെ നടപടി നിയമാനുസൃതമാണോ എന്ന് പരിശോധിച്ചുവരികയാണെന്നും മൂന്നാര്‍ ഡിവൈഎസ്പി ഹൈക്കോടതിയെ അറിയിച്ചു.
കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് മൂന്നാര്‍ ഡിവൈഎസ്പി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കൊട്ടക്കാമ്പൂര്‍ ഉള്‍പ്പെടുന്ന 58 ആം ബ്ലോക്കിലെ 9000 ഏക്കര്‍ സ്ഥലത്തിന്‍റെ രേഖകള്‍ ദേവികുളം വില്ലേജ് ഓഫീസിലില്ല. ഈ രേഖകള്‍ കാണാതായിട്ടുണ്ട്. പട്ടയം റദ്ദാക്കിയ സബ് കലക്ടറുടെ നടപടി നിയമാനുസൃതമാണോ എന്ന് പരിശോധിച്ചാലേ വ്യക്തമാകൂ. ഭൂരേഖകളിലെ ഒപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. അന്വേഷണം അവസാന ഘട്ടത്തിലാണ്. സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന കോട്ടയം വിജിലന്‍സ് യൂനിറ്റിനോടും ഇടുക്കി എസ്പി എന്നിവരോടും ഭൂരേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടിയെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചത്. റീസര്‍വ്വേ തിരുവനന്തപുരം, തൊടുപുഴ ഓഫീസുകളുമായി ബന്ധപ്പെട്ടു. രേഖകള്‍ ഇല്ല എന്നാണ് ലഭിച്ച മറുപടി.
ജോയ്സ് ജോര്‍ജ്ജിന്‍റെ പിതാവാണ് ആദിവാസികളില്‍ നിന്നും ഭൂമി വാങ്ങിയത്. പിന്നീടത് മക്കള്‍ക്കും മരുമക്കള്‍ക്കും കൈമാറുകയായിരുന്നുവെന്നും മൂന്നാര്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.