നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച സംഭവം: സുഷമ സ്വരാജ് വിശദീകരണം നല്‍കും
|കെ സി വേണുഗോപാല്‍ എംപിയാണ് സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മന്ത്രി കെടി ജലീലിന് സൌദി അറേബ്യയിലേക്ക് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ പാര്‍ലിമെന്‍റില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് തിങ്കളാഴ്ച വിശദീകരണം നല്‍കും. കെസി.വേണുഗോപാലിന്‍റെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്‍റെറി കാര്യ മന്ത്രി അനന്ത്കുമാറാണ് ഇക്കാര്യം അറിയിച്ചത്. യാത്ര തല്‍ക്കാലം മാറ്റിവച്ചതായി കെ ടി ജലീല്‍ പറഞ്ഞു.
തൊഴില്‍ നഷ്ടപ്പെട്ട് പ്രതിസന്ധി നേരിടുന്ന മലയാളികളെ നേരില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് യത്രക്ക് വേണ്ട സഹായം ചെയ്യാനുമായിരുന്നു കെടി. ജലീല്‍ സൌദി അറേബ്യയിലേക്ക് പോകാനിരുന്നത്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് അപേക്ഷിച്ചിട്ടും കാരണം വ്യക്തമാക്കാതെ കേന്ദ്രം പാസ്പോര്‍ട്ട് നിഷേധിക്കുയായിരുന്നുവെന്ന് മന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കെസി വേണു ഗോപാല്‍ വിഷയം ശൂന്യ വേളയില്‍ ഉന്നയിച്ചത്. തിങ്കളാഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്നെ ഇക്കാര്യത്തില്‍ മറുപടി നല്‌കും
സംഭവത്തില്‍ വേദനയുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കെടി ജലീല്‍ പറഞ്ഞു. പാസ്പോര്‍ട്ട് കിട്ടാത്ത പശ്ചാതലത്തില്‍ യാത്ര താത്ക്കാലികമായി മാറ്റിവച്ചു.