കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായി: എ കെ ആന്റണി
|പാര്‍ട്ടിയില്‍ കാലാള്‍പടയുടെ കുറവുണ്ടെന്നും ജനറല്‍മാരും ഓഫീസര്‍മാരും കൂടുതലുണ്ടെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായെന്ന് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. പ്രശ്നങ്ങള്‍ പരിഹരിക്കാതെ പാര്‍ട്ടിക്ക് തിരിച്ചു വരവ് സാധ്യമല്ല. പാര്‍ട്ടിയില്‍ തലമുറ മാറ്റം എളുപ്പമല്ലെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.
ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകള്‍ക്കിടെയാണ് നേതാക്കളുടെ പ്രതികരണങ്ങള്‍. വിട്ടുവീഴ്ചയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ട ഏറ്റവും വലിയ ഗുണമെന്നാണ് എ കെ ആന്റണി പറഞ്ഞത്. കരുണാകരനുമായി പൊട്ടിത്തെറിയുടെ വക്കില്‍നില്‍ക്കുമ്പോഴും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പാര്‍ട്ടിയില്‍ ഓഫീസര്‍മാര്‍ കൂടുതലുണ്ടെങ്കിലും കാലാള്‍പ്പടയുടെ കുറവാണ് നേരിടുന്നതെന്നും ആന്റണി പറഞ്ഞു. പുനഃസംഘടനാ ആവശ്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.