അഴിമതിയുണ്ടെങ്കില്‍ വിഴിഞ്ഞം കരാര്‍ റദ്ദാക്കി പുതിയ കരാറുണ്ടാക്കണമെന്ന് കെപിസിസി
|ഒരേ സമയം അഴിമതിയുണ്ടെന്ന പുകമറ സൃഷ്ടിക്കുകയും മറുവശത്ത് പദ്ധതിയുമായി മുന്നോട്ട് പോവുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി ഇരട്ടത്താപ്പാണെന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി
അഴിമതിയുണ്ടെങ്കില്‍ വിഴിഞ്ഞം തുറമുഖ കരാര്‍ റദ്ദാക്കി പുതിയ കരാറുണ്ടാക്കണമെന്ന് കെപിസിസി. അഴിമതി ആരോപിക്കുകയും പദ്ധതിയുടെ ക്രെഡിറ്റ് കൈക്കലാക്കാന്‍ ശ്രമിക്കുകയുമാണ് സര്‍ക്കാരെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി. കരാര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് വിഎം സുധീരന് വിമര്‍ശിച്ചു,
ഒരേ സമയം അഴിമതിയുണ്ടെന്ന പുകമറ സൃഷ്ടിക്കുകയും മറുവശത്ത് പദ്ധതിയുമായി മുന്നോട്ട് പോവുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി ഇരട്ടത്താപ്പാണെന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തിയത്. അഴിമതിയുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടണമെന്ന നിര്‍ദേശം വെച്ചത് ഉമ്മന്‍ചാണ്ടി തന്നെ.
ആവശ്യപ്പെട്ടിട്ടും പാര്‍ട്ടിയില്‍ വിഴിഞ്ഞം കരാര്‍ ചര്‍ച്ച ചെയ്തില്ലെന്ന് വി എം സുധീരന് വിമര്‍ശിച്ചു. ഡല്‍ഹിയില്‍ വെച്ച് എ കെ ആന്റണിയുടെ സാന്നിധ്യത്തില്‍ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അതിന് മുന്നെ മന്ത്രിസഭ കരാര്‍ അംഗീകരിച്ചു. കെ മുരളീധരനാണ് സുധീരന് മറുപടി പറഞ്ഞത്. താന്‍ ആവശ്യപ്പെട്ടിട്ടും കെപിസിസി ഏകോപനസമിതി വിളിച്ചുചേര്ക്കാത്താണ് പ്രശ്നമെന്ന് മുരളീധരന് പറഞ്ഞു. വിഴിഞ്ഞം കരാര്‍ പറഞ്ഞാണ് വോട്ട് പിടിച്ചത്. തിരുവനന്തപുരത്ത് അത് ഗുണമായെന്നും മുരളി പറഞ്ഞു.
കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശത്തിന് വിരുദ്ധമായി ഏക ടെന്‍ഡര്‍ അംഗീകരിച്ചത് സംശയത്തിനിടയാക്കിയെന്ന് പി സി ചാക്കോയുംപറഞ്ഞു. സിവിസിയുടെ അനുമതി നേടിയിരുന്നെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള കോണ്‍ഗ്രസിനെതിരായ വീക്ഷണം എഡിറ്റോറിയല്‍ വന്ന പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസിനെതിരെ പ്രകോപനപരമായി നീക്കങ്ങള്‍ വേണ്ടെന്ന ധാരണിയിലും യോഗമെത്തി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും കെപിസിസി തീരുമാനിച്ചു.