ജനനി ജന്മരക്ഷാപദ്ധതിയുടെ ഫണ്ട് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു
|ട്രൈബല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ അന്വേഷണം
പട്ടിക വര്‍ഗക്ഷേമവകുപ്പിന്റെ ജനനി ജന്മരക്ഷാ പദ്ധതിക്കുള്ള ഫണ്ട് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി ആരോപണം. ട്രൈബല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ 50 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ധനവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പദ്ധതിക്കായി അനുവദിച്ച തുക സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയും വ്യാജ വിലാസത്തില്‍ മണിയോര്‍ഡറ്‍ അയച്ചുമാണ് തട്ടിപ്പ്.
ആദിവാസി സ്ത്രീകള്‍ക്ക് മൂന്ന് മാസം ഗര്‍ഭിണിയാകുന്നത് മുതല്‍ ഒന്നരവര്‍ഷം വരെ പ്രതിമാസം ആയിരം രൂപ സഹായം നല്‍കുന്ന പദ്ധതിയാണ് ജനനി ജന്മരക്ഷാ പദ്ധതി. ഗര്‍ഭകാലത്തും പ്രസവാനന്തരവും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
എന്നാല്‍ ആദിവാസി അമ്മമാര്‍ക്ക് നല്‍കുന്ന ആനുകൂല്യം വ്യാജരേഖ ചമച്ച് ട്രൈബല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തട്ടിയെടുത്തെന്നാണ് ആരോപണം.
ആരോപണത്തെക്കുറിച്ച് ധനകാര്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനെക്കുറിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
ട്രൈബല്‍ ഡെപ്യൂട്ടി ഡയറക്ടറായ പ്രേമാനന്ദന്‍ സര്‍ക്കാരില്‍ നിന്ന് പണം നേരിട്ട് കൈപ്പറ്റി സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുന്നു. പിന്നീട് വ്യാജ വിലാസത്തില്‍ മണിയോര്‍ഡര്‍ അയക്കുകയും തിരിച്ചുവരുമ്പോള്‍ ആ തുക മറ്റു ഉദ്യോഗസ്ഥരുമായി വീതിച്ചെടുക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. 50 ലക്ഷം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. വ്യാജ കാഷ്ബുക്കും ഇതിനായി സൂക്ഷിച്ചിരുന്നു. ധനകാര്യവകുപ്പിലെ പരിശോധന വിഭാഗമാണ് അന്വേഷണം നടത്തുന്നത്.