Kerala
പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കിപാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കി
Kerala

പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കി

Sithara
|
24 April 2018 1:26 AM GMT

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ കുറ്റവിമുക്തരായി. കേസിലെ നാലാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി

പാറ്റൂര്‍ ഭൂമിയിടപാട് കേസിലെ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഭരത് ഭൂഷണും കേസുമായി ബന്ധമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പാറ്റൂര്‍ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ എഫ്‌ഐആറാണ് ഹൈക്കോടതി റദ്ദാക്കിയത്. ഭൂമി സര്‍ക്കാരിന്റേതാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി. വേണ്ടത്ര പരിശോധനയില്ലാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രിക്കും ചീഫ് സെക്ടട്ടറിക്കും പങ്കില്ലെന്നും കോടതി ചൂണ്ടികാട്ടി. കേസ് ഭാവനാ സ്യഷ്ടിയാണെന്നും കോടതി വിമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട ലോകായുക്തയിലെ നടപടികള്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.

സ്വകാര്യ ബില്‍ഡറെ സഹായിക്കാനായി പാറ്റൂരിലെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിലൂടെ സര്‍ക്കാര്‍ ഭൂമി നഷ്ടമാക്കിയെന്നാണ് കേസ്. പൈപ്പ് ലൈന്‍മാറ്റാന്‍ ഭരത് ഭൂഷണും ഉമ്മന്‍ചാണ്ടിയുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നതിന് തെളിവില്ലെന്ന് കോടതി കണ്ടെത്തി. ഈഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് എഫ്‌ഐആര്‍. കേസിന് അടിസ്ഥാനമായ രേഖകളില്ല. സര്‍ക്കാര്‍ നടപടി തെറ്റായിരുന്നുവെന്ന് പരാതിയുയര്‍ന്നിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാലാം പ്രതിയും ഭരത് ഭൂഷണ്‍ മൂന്നാം പ്രതിയുമായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികള്‍ ജലവിഭവ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥരാണ്. വിധി പഠിച്ച ശേഷം തുടര്‍നിയമ നടപടിയെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു.

Similar Posts