പിണറായിയുടെ ഫ്ലക്സ് ബോര്‍ഡ് തീവെച്ച് നശിപ്പിച്ചു
|പിണറായിയുടെ ജീവിതം വിവരിക്കുന്ന 3000 അടി നീളമുള്ള ഫ്ലക്സാണ് ഇന്ന് പുലര്‍ച്ചെ തീയിട്ട് നശിപ്പിച്ചത്.
കണ്ണൂര്‍ ധര്‍മ്മടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്റെ പ്രചരണ ബോര്‍ഡുകള്‍ തീവെച്ച് നശിപ്പിച്ചു. പിണറായിയുടെ വീടിന് സമീപം സ്ഥാപിച്ച ബോര്‍ഡും നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. ആര്‍എസ്എസ് പ്രചാരകന് സംസ്ഥാനത്ത് വന്ന് നടത്തിയ ആഹ്വാനം അണികള്‍ നടപ്പിലാക്കുകയാണെന്നും ഇടതുമുന്നണിയുടെ പ്രചാരണ ബോര്‍ഡുകള്‍ക്ക് നേരെ ഉയരാന്‍ മാത്രമുളള കൈകളൊന്നും ഇവിടില്ലെന്നും സ്ഥലം സന്ദര്‍ശിച്ച പിണറായി പറഞ്ഞു.
ഇന്ന് പുലര്‍ച്ചയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ് സ്ഥാപിച്ച പിണറായി വിജയന്റെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചത്. പിണറായിയുടെ വീടിനു സമീപം പാണ്ട്യാലമുക്കിലെ മതിലില്‍ 300 മീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്ലക്സും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. ബ്രണ്ണന്‍ കോളേജിലെ പഠനകാലം മുതല്‍ പിണറായിയുടെ രാഷ്ട്രീയജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച ഫ്ലക്സ് പിഴുതെടുത്ത് തീവെച്ച് നശിപ്പിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സ്ഥലം സന്ദര്‍ശിച്ച പിണറായി അക്രമത്തിനു പിന്നില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണന്ന് ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ ധര്‍മ്മടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കെ കെ രാഗേഷ് എംപി, സിപിഐ നേതാവ് സി എന്‍ ചന്ദ്രന് തുടങ്ങി നിരവധി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു. ഇരിക്കൂറിലെ യുഡിഎഫ് വിമതന് ബിനോയി തോമസിനു നേരെയും തലശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുളളക്കുട്ടിക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളില്‍ കയ്യേറ്റം നടന്നിരുന്നു.