സ്വാതന്ത്ര്യസമരസേനാനി കെ മാധവന്റെ ജന്മവാര്‍ഷികദിനാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കം
|1915 ആഗസ്റ്റ് 26നായിരുന്നു ജനനം
വടക്കേ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായ കെ മാധവന്റെ 102-ാം ജന്മവാര്‍ഷികദിനാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും. ജന്മവാര്‍ഷികദിനാഘോഷ പരിപാടികള്‍ വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ വീട്ടില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയാണ് കെ മാധവന്‍. 1915 ആഗസ്റ്റ് 26നായിരുന്നു ജനനം. 1926 മുതല്‍ തന്നെ ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്ന് വന്നു. കെ കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് നടത്തിയ ഉപ്പു സത്യാഗ്രഹ ജാഥയിലെ 32 അംഗങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു മാധവേട്ടന്‍. നിയമലംഘന പ്രസ്ഥാന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജയില്‍വാസത്തിന് ശേഷം പി കൃഷ്ണപ്പിള്ളയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യത്തെ കാസര്‍കോട് താലൂക്ക് സെക്രട്ടറിയായി. 1939ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നപ്പോഴും പാര്‍ട്ടിയുടെ ആദ്യത്തെ കാസര്‍കോട് താലൂക്ക് സെക്രട്ടറിയും മാധവേട്ടന്‍ തന്നെയായിരുന്നു.
തന്റെ 102-ാം ജന്മവാര്‍ഷികദിനാഘോഷത്തിലും സ്വാതന്ത്ര്യ സമരങ്ങളുടെ മങ്ങിയ ഓര്‍മ്മകളുമായി കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് മാധവേട്ടന്‍.