ക്യാമ്പസ് ഫ്രണ്ട് കലാജാഥ തടഞ്ഞു; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം
|ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അടക്കമുളളവരെ കസ്റ്റഡിയിലെടുത്തു. നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നത് പ്രവര്‍ത്തകര്‍ തടഞ്ഞത് സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷത്തിനിടയാക്കി.
ആസാദി എക്സ്പ്രസ് എന്ന പേരില്‍ ക്യാമ്പസ് ഫ്രണ്ട് സംഘടിപ്പിച്ച സംസ്ഥാന കലാജാഥ കണ്ണൂരില്‍ പൊലീസ് തടഞ്ഞു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അടക്കമുളളവരെ കസ്റ്റഡിയിലെടുത്തു. നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നത് പ്രവര്‍ത്തകര്‍ തടഞ്ഞത് സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷത്തിനിടയാക്കി.
ഫാസിസത്തിന്റെ വിലങ്ങുകള്‍ക്കെതിരെ സ്വാതന്ത്ര്യത്തിന്റെ ചൂളംവിളി എന്ന മുദ്രാവാക്യമുയര്‍ത്തി ക്യാമ്പസ് ഫ്രണ്ട് സംഘടിപ്പിച്ച കലാജാഥക്ക് ആഭ്യന്തര വകുപ്പ് നേരത്തെ അനുമതി നിക്ഷേധിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ കാസര്‍കോഡ് നടക്കേണ്ടിയിരുന്ന ഉദ്ഘാടന പരിപാടി റദ്ദ് ചെയ്യുകയായിരുന്നു. എന്നാല്‍ കലാജാഥ ഇന്ന് കണ്ണൂരില്‍ നിന്ന് ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയച്ചതിനെ തുടര്‍ന്ന് പഴയബസ് സ്റ്റാന്‍ഡ് പരിസരത്ത് രാവിലെ മുതല്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രാവിലെ 11.30 ഓടെ കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്റ് പരിസരത്ത് ജാഥ ആരംഭിച്ചു. സ്ഥലത്തെത്തിയ പൊലീസ് പരിപാടി തടഞ്ഞു. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് സിഎ റൌഫ്, ജില്ലാ പ്രസിഡന്റ് മുഹമ്മദ് റിഫ തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. അറസ്റ്റ് ചെയ്ത നേതാക്കളെ കൊണ്ടു പോയ പൊലീസ് വാഹനവും പ്രവര്‍ത്തകര്‍ തടഞ്ഞ് വെച്ചു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചത്. പൊലീസ് നടപടിയില്‍ പ്രതിക്ഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.