അന്‍സാറുല്‍ ഖിലാഫ എന്ന പേരില്‍ പ്രവര്‍ത്തിച്ചവരാണ് അറസ്റ്റിലായതെന്ന് എന്‍.ഐ.എ അന്വേഷണ ഉദ്യോഗസ്ഥര്‍
|അന്‍സാറുല്‍ ഖിലാഫ എന്ന പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഐഎസ് ആശയങ്ങളോട് സാമ്യമുള്ള പോസ്റ്റുകള്‍ എന്‍.ഐ.എ കണ്ടെത്തിയിരുന്നു
ഐ.എസ് ബന്ധം സംശയിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത യുവാക്കള്‍ അന്‍സാറുല്‍ ഖിലാഫ എന്ന പേരിലാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മയും ടെലഗ്രാം അക്കൌണ്ടും നിരീക്ഷിച്ചാണ് എന്‍.ഐ.എ സംഘം ഇവരെ പിടികൂടിയത്. അന്‍സാറുല്‍ ഖിലാഫ എന്ന പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഐഎസ് ആശയങ്ങളോട് സാമ്യമുള്ള പോസ്റ്റുകള്‍ എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് 12 പേരുടെ വിവരങ്ങള്‍ ലഭിച്ചത്.
സംഘത്തിലെ അഞ്ചു പേരെ ഇനിയും പിടികൂടാനുണ്ട്. ഇവര്‍ ഇന്ത്യക്ക് പുറത്താണെന്നാണ് എന്‍.ഐ.എക്ക് ലഭിച്ച വിവരം. കണ്ണൂരില്‍ നിന്നും പിടിയിലായ മന്‍ഷിദ് ആണ് സംഘത്തിലെ പ്രധാനിയെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നു. ഐഎസ് ആശയങ്ങള്‍ അടങ്ങുന്ന പോസ്റ്റുകളുള്ള സമീര്‍ അലി എന്ന ഫേസ്ബുക്ക് അക്കൌണ്ട് മന്‍ഷിദ് ആണ് കൈകാര്യം ചെയ്തിരുന്നത്. തസ്ലിമ നസ്റിനെ കണ്ടെത്തിയാല്‍ കൊല്ലുക എന്നൊരു പോസ്റ്റ് ഈ പേജിലുണ്ട്.
അബൂ ഉമൈര്‍, സമീര്‍ അലി, അശബുല്‍ ഹഖ് തുടങ്ങിയ ഫേസ്ബുക്ക് അക്കൌണ്ടുകള്‍ വഴിയും പ്രചരണം നടന്നതായി എന്‍.ഐ.എ കണ്ടെത്തി. ആശയ വിനിമയത്തിന് ടെലഗ്രാമില്‍ പ്രത്യേക ഗ്രൂപ്പ് ഇവര്‍ ഉണ്ടാക്കിയിരുന്നതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.