തൃശ്ശൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി തേടി ഹൈക്കോടതിയിലേക്ക്
|വെടിക്കെട്ട് നിരോധിച്ചാല്‍ കുടമാറ്റവും മറ്റ് ആഘോഷങ്ങളും വേണ്ടെന്ന് വെച്ച് പൂരം ചടങ്ങിലൊതുക്കാനാണ് ഘടക ക്ഷേത്രങ്ങളുടെയും തീരുമാനം.
തൃശ്ശൂര്‍ പൂരത്തിനുള്ള വെടിക്കെട്ടിന് അനുമതി തേടി കേസില്‍ കക്ഷിചേരാന്‍ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനം. ഇതിനായി ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കും. അതേ സമയം തൃശ്ശൂര്‍ പൂരത്തിന്റെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയതായി സിറ്റിപോലീസ് കമ്മീഷണര്‍ അറിയിച്ചു. വെടിക്കെട്ട് നിരോധിച്ചാല്‍ കുടമാറ്റവും മറ്റ് ആഘോഷങ്ങളും വേണ്ടെന്ന് വെച്ച് പൂരം ചടങ്ങിലൊതുക്കാനാണ് ഘടക ക്ഷേത്രങ്ങളുടെയും തീരുമാനം. നാളത്തെ ഹൈക്കോടതി വിധി നിര്‍ണായകമാകും.
രാത്രി വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് കേസില്‍ കക്ഷിചേരാന്‍ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ തീരുമാനിച്ചത്.
ആചാരങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ട് ആകാമെന്ന 2007 ലെ സുപ്രീംകോടതി വിധി ഹൈക്കോടതിയുടെ ശ്രദ്ധയില്പെടുത്തുവാനാണ് ശ്രമം. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാഭരണകൂടവും പോലീസും ഇരു ദേവസ്വങ്ങള്‍ക്കും രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
അതേ സമയം വെടിക്കെട്ടിന്റെ നൂറ് മീറ്റര്‍ പരിധിയില്‍ നിന്ന് ജനങ്ങളെ മാറ്റുന്നതടക്കം കര്‍ശന സുരക്ഷാക്രമീകരണങ്ങളുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ജില്ലാകലക്ടറുടെ നേതൃത്വത്തിലുള്ള വിവിധ സ്ക്വോഡുകള്‍ വെടിക്കോപ്പ് നിര്മ്മാണമടക്കമുള്ളവ നിരീക്ഷിക്കുന്നുണ്ട്.