വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് ഇനി സമയപരിധി
|ലോക്നാഥ് ബഹ്റയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃത സ്വത്ത് സന്പാദന കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണം..
വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയ പരിധി ഏര്‍പ്പെടുത്തിക്കൊണ്ട് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. കേസുകള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണം. വിജിലന്‍സില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ വേണമെന്ന് മുന്‍വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണനയിലിരിക്കുന്പോഴാണ് പുതിയ ഉത്തരവ്. ഇക്കാരണത്താല്‍ ഉത്തരവ് എത്രത്തോളം പ്രാബല്യത്തില്‍ വരുത്താനാകും എന്നത് സംശയകരമാണ്.
വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിജിലന്‍സ് കേസുകള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ ആറ് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി പൂര്‍ത്തിയാക്കണം. വിജിലന്‍സ് നേരിട്ട് കെണിയില്‍പ്പെടുത്തി കണ്ടുപിടിക്കുന്ന കേസുകള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അനധികൃത സ്വത്ത് സന്പാദക്കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ അന്വേഷണവും നടത്തി തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വിജിലന്‍സില്‍ മതിയായ ഉദ്യോഗസ്ഥരില്ലെന്നും കേസുകളില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ഇത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഉന്നയിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സമര്‍പ്പിച്ച അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. സാന്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കുന്നതിന് വിദഗ്ധരായ ഉദ്യോഗസ്ഥരില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
കേസുകള്‍ തീര്‍ക്കാന്‍ കാലതാമസം വരുന്നതിന് പുതിയ ഉത്തരവിലൂടെ പരിഹാരമാകുമെങ്കിലും വിജിലന്‍സിനെ പൂര്‍ണമായി സജ്ജീകരിക്കാതെയാണ് തീരുമാനമെന്നും ആക്ഷേപമുണ്ട്.