കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്; ജോയ്സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കും നോട്ടീസ്
|ഭൂമി സംബന്ധിച്ച രേഖകള്‍ നവംബര്‍ ഏഴിന് ഹാജരാക്കണം
കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ഇടുക്കി എംപി ജോയ്സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കും ദേവികുളം സബ് കലക്ടറുടെ നോട്ടീസ്. ഭൂമി സംബന്ധിച്ച രേഖകള്‍ നവംബര്‍ ഏഴിന് ഹാജരാക്കണം. അല്ലത്തപക്ഷം തുടര്‍നടപടി സ്വീകരിക്കും. എംപിക്കു പുറമെ മറ്റ് 26 പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
നീലക്കുറിഞ്ഞി സാന്‍ച്വറിയോട് അടുത്തുള്ള കൊട്ടാക്കമ്പൂര്‍, വട്ടവട, കാന്തല്ലൂര്‍, കീഴാന്തൂര്‍, മറയൂര്‍ മേഖലകളില്‍ ഭൂമി കൈവശമുള്ളവരുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ദേവികുളം സബ് കലക്ടര്‍ വിആര്‍ പ്രേംകുമാറിന്റെ നടപടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജോയ്സ് ജോര്‍ജ് എംപിക്കും കുടുംബത്തിനും കൊട്ടാക്കമ്പൂരിലെ വിവാദഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് കാട്ടി നോട്ടീസ് അയച്ചത്. ബ്ലാക്ക് നമ്പര്‍ 52ലെ 120ാം നമ്പര്‍ തണ്ടപ്പേരിനെക്കുറിച്ചുള്ള രേഖകള്‍ ജോയ്സ് ജോര്‍ജ് എംപിയും, 111ാം നമ്പര്‍ സംബന്ധിച്ച രേഖകള്‍ ഭാര്യ അനൂപയും ദേവികും ആര്‍ഡിഓഫീസില്‍ നവംബര്‍ ഏഴിന് ഹാജരാക്കണമെന്നാണ് നോട്ടീസ്. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്‍പ്രകാരം മുമ്പ് ശ്രീരാം വെങ്കിട്ടരാമന്‍ സബ്കലക്ടറായിരുന്നപ്പോള്‍ തണ്ടപ്പേര്‍ സംബന്ധിച്ച പരിശോധന 2015ല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സിപിഎമ്മും കര്‍ഷകസംഘവും അന്ന് പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരുന്നു. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.