ശബരിമലയിലേക്ക് കാനന പാതവഴിയും തീര്‍ത്ഥാടകരെത്തി തുടങ്ങി
|ഒരേ സമയം ശ്രമകരവും സാഹസികവുമാണ് കാനനപാതയിലൂടെയുള്ള യാത്ര
ശബരിമലയിലേക്ക് പരമ്പരാഗത കാനന പാതവഴിയും തീര്‍ത്ഥാടകരെത്തി തുടങ്ങി. ഒരേ സമയം ശ്രമകരവും സാഹസികവുമാണ് കാനനപാതയിലൂടെയുള്ള യാത്ര. വനം വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സൌകര്യങ്ങളും നല്‍കുന്നത്.
കോട്ടയം ജില്ലയിലെ എരുമേലി കാളകെട്ടി മുക്കുഴി വലിയാനവട്ടം വഴി പമ്പയിലെത്തുന്ന പരമ്പരാഗത കാനനപാതയിലൂടെയും ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ സത്രം വഴി പെരിയാര്‍ കടുവ സങ്കേതത്തിലൂടെ പുല്‍മേടുകള്‍ താണ്ടി 12 കിലോമീറ്ററോളം വരുന്ന കാനനപാതയിലൂടെയുമാണ് തീര്‍ത്ഥാടകര്‍ എത്തുന്നത്. ശ്രമകരവും സാഹസികവുമായ യാത്ര. പുല്‍മേട് വഴി എത്തുന്നതിന് നാല് മണിക്കൂര്‍ കാട്ട് പാത താണ്ടണം. ഇതര സംസ്ഥാനക്കാരാണ് കൂടുതലും ഈ പാതയെ ആശ്രയിക്കുന്നത്. മണ്ഡല സീസണ്‍ ആരംഭിക്കുന്നതിന് മുന്പായി അധികൃതര്‍ വഴി തെളിക്കും. വന്യ മൃഗങ്ങള്‍ ഉള്ളതിനാല്‍ രാത്രിയാത്ര അനുവദിക്കില്ല. കാനനക്കാഴ്ചകളും ഇളം കാറ്റും യാത്ര ആസ്വദ്യകരമരമാക്കുന്നുണ്ടെന്നാണ് തീര്‍ത്ഥാടകരുടെ അനുഭവം.
കാനന പാതയുടെ കവാടത്തില്‍ പൊലീസിന്റെയും വനം വകുപ്പിന്റെയും ചെക്ക്പോസ്റ്റുകള്‍ ഉണ്ടാകും. വനത്തില്‍ പ്രവേശിച്ചവര്‍ സന്നിധാനത്തെത്തി എന്ന് ഉറപ്പാക്കാനും സംവിധാനമുണ്ട്. വഴിയില്‍ ഭക്ഷണം വെള്ളം വൈദ്യസഹായം എന്നിവയ്ക്കായും സംവിധാനമുണ്ട്.