കൊല്ലത്ത് പൊലീസ് അതിക്രമം തുടര്‍ക്കഥയാകുന്നു
|മൂന്ന് മാസത്തിനിടെ നാല് തവണയാണ് നിരപരാധികള്‍ക്ക് നേരെ ഉദ്യോഗസ്ഥര്‍ അഴിഞ്ഞാടിയത്.
പൊലീസ് മാന്യമായി പെരുമാറുന്നുവെന്ന് നിയമസഭയില്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും കൊല്ലത്ത് പൊലീസ് അതിക്രമം തുടര്‍ക്കഥയാകുകയാണ്. മൂന്ന് മാസത്തിനിടെ നാല് തവണയാണ് നിരപരാധികള്‍ക്ക് നേരെ ഉദ്യോഗസ്ഥര്‍ അഴിഞ്ഞാടിയത്. സേനയില്‍ ക്രിമിനലുകള്‍ പെരുകുന്നുവെന്നതിന്റെ തെളിവാണ് കൊല്ലത്തെ സംഭവങ്ങള്‍.
കൊല്ലത്ത് ഹെല്‍മറ്റ് ധരിക്കാതെ എത്തിയ ബൈക്ക് യാത്രികനെ വയര്‍ലെസ് സെറ്റ് കൊണ്ട് പൊലീസുകാരന്‍ അടിച്ചുവീഴ്ത്തിയത് ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചാം തീയതിയാണ്. കേള്‍വി ശക്തി നഷ്ട്ടപ്പെട്ട സന്തോഷ് മാസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. തലയ്ക്കടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍ ലഭിച്ചെങ്കിലും കേസ് ഒത്തുതീര്‍പ്പിലേക്കാണ് നീങ്ങുന്നത്. കൊല്ലം കലക്ടറേറ്റ് സ്‌ഫോടനത്തിന്റെ പേരില്‍ സംശയം ആരോപിച്ച് ശാസ്താംകോട്ട സ്വദേശികളായ രമണന്‍, ആനന്ദന്‍ എന്നിവരെ സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചതും ഈ കാലയളവിലാണ്. നിരവധി പേരെ സ്‌ഫോടനത്തിന്റെ പേരില്‍ ഇത്തരത്തില്‍ സ്റ്റേഷനില്‍ എത്തിച്ച് മര്‍ദ്ദിച്ചെങ്കിലും നാളിചുവരെയും കളക്ടറേറ്റ് സ്‌ഫോടനത്തില്‍ ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ ഹിസ്ബുള്‍ പോലെയുളള സംഘടനകളാണെന്ന് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് പൊലീസ്.
ചിന്നക്കടയില്‍ ഇക്കഴിഞ്ഞ 19 ന് രാത്രിയില്‍ രണ്ട് കൗമാരക്കാരെയാണ് പൊലീസ് തല്ലിച്ചതച്ചത്. കൈകാണിച്ച് നിര്‍ത്താതെ പോയ ബൈക്ക് യാത്രികന് ഒപ്പമുളളവരെന്ന് തെറ്റിദ്ധരിച്ചായിരുന്നു അതിക്രമം. സംഭവത്തില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ അതിക്രമങ്ങളുടെ ഒടുവിലെ ഉദാഹരണമാണ് ദളിത് യുവാക്കള്‍ക്ക് നേരെ ഉണ്ടായ മൂന്നാംമുറ.