Kerala
മാരാമണ്‍ കണ്‍വെന്‍ഷനിലെ സ്ത്രീ വിവേചനം: പ്രമേയം മാര്‍ത്തോമ്മ സഭ തള്ളിമാരാമണ്‍ കണ്‍വെന്‍ഷനിലെ സ്ത്രീ വിവേചനം: പ്രമേയം മാര്‍ത്തോമ്മ സഭ തള്ളി
Kerala

മാരാമണ്‍ കണ്‍വെന്‍ഷനിലെ സ്ത്രീ വിവേചനം: പ്രമേയം മാര്‍ത്തോമ്മ സഭ തള്ളി

Sithara
|
27 April 2018 8:19 AM GMT

മാരാമണ്‍ കണ്‍വന്‍ഷനില്‍ വൈകുന്നേരം ആറരയ്ക്ക് ശേഷമുള്ള സുവിശേഷയോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്ന രീതി തുടരണമെന്ന് മാര്‍ത്തോമ സഭ

മാരാമണ്‍ കണ്‍വന്‍ഷനില്‍ വൈകുന്നേരം ആറരയ്ക്ക് ശേഷമുള്ള സുവിശേഷയോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്ന രീതി തുടരണമെന്ന് മാര്‍ത്തോമ സഭ. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ സുവിശേഷ പ്രസംഗ സംഘത്തിന്റെ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം സഭാ അധികൃതര്‍ ഇടപെട്ട് തടഞ്ഞു. കാരണം വിശദീകരിക്കാതെ പ്രമേയം സഭാനേതൃത്വം തള്ളിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് സഭയ്ക്കുള്ളില്‍ രൂപപ്പെടുന്നത്.

വൈകിട്ട് ആറരക്ക് ശേഷം മരാമണ്‍ കണ്‍വെന്‍ഷന്‍ നഗരിയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. 122ആം മാരാമണ്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് ഇതിനെതിരെ പ്രമേയ അവതരണത്തിന് ശ്രമമുണ്ടായത്. എന്നാല്‍ പ്രമേയം സഭാ അധികൃതര്‍ ഇടപെട്ട് തടയുകയായിരുന്നു. സുവിശേഷ പ്രസംഗ സംഘത്തിന്റെ മാനേജിങ് കമ്മിറ്റിയിലും സഭയ്ക്കുള്ളിലും രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കണമെന്ന ആവശ്യം ശക്തമാണ്.

സ്ത്രീകളുടെ സുരക്ഷിതത്വവും മണല്‍പ്പുറത്തെ സാഹചര്യവും ക്രമസമാധാനപാലനവും കണക്കിലെടുത്ത് തികച്ചും പ്രായോഗിക കാരണങ്ങളാല്‍ കാലങ്ങള്‍ക്ക് മുന്‍പേ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് സഭാ അധികൃതരുടെ വാദം. എന്നാല്‍ മറ്റൊരു സുവിശേഷ യോഗങ്ങളിലുമില്ലാത്ത നിയന്ത്രണം മാരമണിലെ രാത്രി യോഗങ്ങള്‍ക്ക് മാത്രമായി ഇപ്പോഴും തുടരുന്നതിലെ നീതികേടാണ് ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്. ചില പ്രത്യേക സംഭവങ്ങളുടെ പേരില്‍ ഒരിക്കല്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ക്രമീകരണം പിന്നീട് തിരുത്താതെ തുടരുകയായിരുന്നു.

കണ്‍വെന്‍ഷനില്‍ തന്നെ ധാരാളം സ്ത്രീകള്‍ കോഴഞ്ചേരിയുടെയും മാരാമണ്ണിന്റെയും ഇരു കരകളിലുമായി ഇരുന്ന് രാത്രി യോഗങ്ങള്‍ കേള്‍ക്കുകയും പ്രാര്‍ഥനയില്‍ പങ്കുചേരുകയും ചെയ്യുന്നുണ്ട്. അപ്പോഴില്ലാത്ത സുരക്ഷാ പ്രശ്‌നമെങ്ങനെയാണ് പന്തലില്‍ പ്രവേശിക്കുമ്പാള്‍ മാത്രം ഉണ്ടാകുന്നതെന്നും ഒരു വിഭാഗം ചോദിക്കുന്നു.

Related Tags :
Similar Posts