ഇ അഹമ്മദിന്റെ മരണവിവരം മൂടിവച്ചതില്‍ ദുരൂഹത : അന്വേഷണം വേണമെന്ന് കുടുംബം
|മരണം സ്ഥിതീകരിക്കുന്നത് വൈകിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണ് ആശുപത്രി അധികൃതരുടെ അസാധാരണ നടപടിക്ക് പിന്നിലുണ്ടായിരുന്നതെന്നാണ് സൂചന.
ഇ അഹ്‍മദിന്‍റെ മരണ വിവരം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ആശുപത്രി അധികൃതര്‍ മൂടിവെച്ചുവെന്ന ആരോപണം ശക്തമാകുന്നു. ഇതിന്‍റെ ഭാഗമായാണ് അഹ്മദിനെ കാണാന്‍ മക്കളെയടക്കം അനുവദിക്കാതിരുന്നതെന്നാണ് ആക്ഷേപം. നിരന്തര പ്രതിഷേധത്തിനൊടുവില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ഐസിയുലെത്തി മരുമകനാണ് അഹമദ് മരിച്ചു കിടക്കുകയാണെന്ന വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. പാര്‍ലമെന്റെില്‍ കുഴഞ്ഞ് വീണ ഇ അഹമ്മദിനെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയ്യെടുത്ത പാര്‍ലമെന്റെറി കാര്യ സഹമന്ത്രി ജിതേന്ദര്‍ സിംഗ് പക്ഷെ കേരളത്തില്‍ നിന്നുള്ള എം പിമ്മാരെ ആരെയും അറിയിച്ചില്ല. വിവരമറിഞ്ഞ് ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയ കേരളത്തിലെ എം പിമ്മാരില്‍ പലരും അദ്ദേഹത്തിന് ജീവന് നിലനിര്‍ത്താനായിട്ടുണ്ടോയെന്ന് സംശയമായിരുന്നു.
ജിതേന്ദര്‍ സിംഗ് ആശുപത്രിയിലേക്ക് വരുന്നതിന്റെ ഭാഗമായി ആശുപത്രി വരാന്തയിലുണ്ടായിരുന്ന മുഴുവന്‍ എം പിമ്മാരെയും ആശുപത്രി അധികൃതര്‍ മാറ്റി. മൃതദേഹം വിട്ട് നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്കായാണ് തങ്ങളെ മാറ്റിയതെന്നായിരുന്നു എല്ലാവരും കരുതിയത്.
അതീവ പരിചരണ വിഭാഗത്തില്‍ നിന്ന് ഉച്ചയോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയ ഇ അഹ്മദിന്‍റെ ആരോഗ്യ നില സംബന്ധിച്ച് യാതൊരു വിവരവും പുലര്‍ച്ചെ മരണം സ്ഥിരീകരിക്കുന്നത് വരെ ലഭിച്ചിരുന്നില്ല. വൈകിട്ട് ആറ് മണിയോടെ ആശുപത്രിയിലെത്തിയ മക്കള്‍ക്കും മരുമകനും അദ്ദേഹത്തെ കാണാനോ, ചികിത്സ വിവരങ്ങള്‍ കൈമാറാനോ തയ്യാറായില്ല.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അര്‍ധ രാത്രിയോടെ ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയും ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടും ഫലമുണ്ടായില്ല.
ഡോക്ടര്‍മാരായ മകളുടെയും, മരുമകന്‍റെയും സാന്നിധ്യത്തില്‍ അഹ്മദിനെ പരിശോധിക്കണമെന്ന ആവശ്യം പരിഗണിക്കുന്നതിന് പകരം കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ അണി നിരത്തി ഭീതി സൃഷ്ടിക്കുകയാണ് അധികൃതര്‍ ചെയ്തത്. സഹികെട്ട് എംപിമാരായ എംകെ രാഘവന്‍, ആന്‍റോ ആന്‍റണി, ഇടി മുഹമ്മദ് ബഷീര്‍, എപി അബ്ദുല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി.
ഇതോടെ മക്കള്‍ക്കും മരുമകനും വെന്‍റിലേറ്ററിലേക്ക് പ്രവേശം നല്‍കി. ജീവനോടെയുണ്ടോ മരിച്ചോ എന്നറിയാതെ പിതാവിനെ കാണാന്‍ കാത്ത് നിന്ന മക്കള്‍ക്ക് ഒടുവില്‍ മരണം സ്ഥീരികരിക്കേണ്ട ഗതികേടാണുണ്ടായത്. ബജറ്റവതരണം മുടങ്ങുമെന്നതിനാല്‍, മരണം സ്ഥിതീകരിക്കുന്നത് വൈകിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണ് ആശുപത്രി അധികൃതരുടെ അസാധാരണ നടപടിക്ക് പിന്നിലുണ്ടായിരുന്നതെന്നാണ് സൂചന.