കൊച്ചി മെട്രോ സൂപ്പറാ... ആദ്യ ദിന കളക്ഷന്‍ 20.42 ലക്ഷം
|രാവിലെ ആറിന് തുടങ്ങിയ സർവീസുകൾ മുതൽ മെട്രോയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്
കേരളത്തിന്റെ സ്വപ്ന പദ്ധതി മെട്രോ കൊച്ചിയിലൂടെ ട്രാക്കിലൂടെ ഓട്ടം തുടങ്ങി. ആദ്യ ദിവസം തന്നെ സൂപ്പര്‍ഹിറ്റ് ഓട്ടമാണ് കൊച്ചി മെട്രോ നടത്തിയത്. ആദ്യ ദിനം ടിക്കറ്റ് വില്പനയില് നിന്നുളള വരുമാനം 20,42,740 രൂപയാണ്. തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേര് മെട്രോയില്‍ യാത്ര ചെയ്തു. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.
കന്നിയാത്രയില്‍ മെട്രോയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. രാവിലെ ആറിന് ആണ് സര്‍വീസ് തുടങ്ങിയത്. രാവിലെ ആറരവരെ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. പിന്നീടു മൂന്നു കൗണ്ടറുകള്‍കൂടി തുറന്നു. ആദ്യദിനം തന്നെ യാത്രക്കാർ കൊച്ചി മെട്രോ ഉത്സവമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര് മെട്രോ യാത്ര ആസ്വദിക്കാനെത്തിയിരുന്നു. പലരും ആദ്യമായി മെട്രോയിൽ കയറുന്നതിന്റെ ആവേശത്തിലായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ തിരക്കു വര്‍ധിച്ചതിനാല്‍ 5.45 ഓടെ ടിക്കറ്റുകള്‍ നല്കാന് ആരംഭിച്ചിരുന്നു.
ദിവസം അവസാനിക്കുമ്പോഴേക്കും ആദ്യദിന യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡ് ഭേദിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെ.എം.ആര്.എല്‍. രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് മെട്രോ സർവീസ് നടത്തുന്നത്. ഓരോ 10 മിനിറ്റ് ഇടവിട്ട് സർവീസുണ്ടാകും. ദിവസം 219 ട്രിപ്പുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മെട്രോ സ്റ്റേഷനുകളില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നു കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ സ്റ്റേഷനുമായി ബന്ധപ്പെടുത്തി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.