മുരുകന്റെ മരണം: മെഡിക്കല്‍ കോളജിന് അനാസ്ഥ സംഭവിച്ചെന്ന് റിപ്പോര്‍ട്ട്
|മരുകനെ എത്തിക്കുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 15 വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നു. സൂപ്രണ്ടും പ്രിന്‍സിപ്പലും പൊലീസിന് നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം
വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്പോള്‍ പതിനഞ്ച് വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. പതിനഞ്ചും മുന്‍കരുതലായി മാറ്റിവെച്ചതായിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ കൊണ്ടുവന്ന മുരുകനെ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറഞ്ഞാണ് മെഡിക്കല്‍ കോളജില്‍ നിന്ന് തിരിച്ചയച്ചത്. 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നുവെന്നാണ് സൂപ്രണ്ടും പ്രിന്‍സിപ്പലും പോലീസ് അന്വേഷണ സംഘത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുരുകന് ചികിത്സ നല്‍കേണ്ടിയിരുന്ന ട്രോമ ന്യൂറോ സര്‍ജറി ഐസിയു വില്‍ രണ്ട്, സൂപ്പര്‍ സെപ്ഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സര്‍ജറിയില്‍ അഞ്ച്, ഹൃദ്രോഗ വിഭാഗത്തില്‍ രണ്ട്, കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ് ലിക്കായി മാറ്റിവെച്ച ഒരെണ്ണം ഉള്‍പ്പെടെ 15 വെന്റിലേറ്ററുകളാണ് സ്റ്റാന്റ് ബൈ ആയി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 71 വെന്റിലേറ്ററുകളാണുള്ളത്. ഇതില്‍ 54 എണ്ണമാണ് പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്. ഇതിലെ 15 എണ്ണമാണ് സ്റ്റാന്റ് ബൈ അഥവാ മുന്‍കരുതലായി മാറ്റിവെച്ചതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്കുന്ന വിശദീകരണം. ആരോഗ്യ ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ അന്വേഷണറിപ്പോര്‍ട്ടും പോലീസിന് ലഭിക്കാനുണ്ട്. ആ റിപ്പോര്‍ട്ടും കൂടി പരിശോധിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികളുണ്ടാവുക. മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് നേരത്തെ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ചെയര്‍മാനായ സമിതി റിപ്പോര്‍ട്ട് നല്‍കിയത്.