അജു വർഗീസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
|കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ നടൻ അജു വർഗീസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ നടൻ അജു വർഗീസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കളമശേരി സർക്കിൾ ഇൻസ്പെകർ എസ് ജയകൃഷ്ണനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ചതിനാണ് അജു വർഗീസിനെതിരെ കേസ് എടുത്തത്.
ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് അജു വർഗീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കുന്ന വകുപ്പാണ് അജുവിനെതിരെ ചുമത്തിയിരുന്നത്. അതിനാൽ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ലൈംഗിക ആക്രമണങ്ങൾക്ക് ഇരയാകുന്നവരുടെ പേര് സമൂഹമധ്യത്തിൽ വെളിപ്പെടുത്തുന്നതിന് എതിരെയുള്ള ഐ.പി.സി 228 (എ) വകുപ്പാണ് നടനെതിരെ ചുമത്തിയിരുന്നത്.
അജു വർഗീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തുകയും ആരോപണ വിധേയനായ നടൻ ദിലീപിനെ പിന്തുണക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെ കളമശ്ശേരി പൊലീസ് അജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. തുടർന്ന് അജുവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
അതിനിടെ, കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വർഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്ക് ഇക്കാര്യത്തിൽ പരാതിയില്ലെന്ന് നടി എഴുതി നൽകിയ സത്യവാങ്മൂലവും നൽകിയിരുന്നു. എന്നാൽ ഇത്തരമൊരു കേസിൽ എഫ്.ഐ.ആർ റദ്ദാക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശമായിരിക്കില്ല നൽകുന്നതെന്ന പൊലീസ് വാദം അംഗീകരിച്ച് എഫ്.ഐ.ആർ റദ്ദാക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.