കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; രണ്ട് അദ്ധ്യാപികമാർക്കെതിരെ കേസ്
|സിന്ധു,ക്രെസന്റ് എന്നീ അദ്ധ്യാപികമാർക്കെതിരെയാണ് കേസ്
കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തില്‍ പൊലീസ് രണ്ട് അദ്ധ്യാപികമാർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തു. സിന്ധു, ക്രെസന്റ് എന്നീ അദ്ധ്യാപികമാർക്കെതിരെയാണ് കേസ്. തന്റെ മകളെ അദ്ധ്യാപിക മർദ്ദിച്ചുവെന്ന പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്.
ട്രിനിറ്റി ലൈസിയം സ്കൂളിലെ അദ്ധ്യാപികമാരായ സിന്ധുവും ക്രെസന്റും തന്റെ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പിതാവ് പൊലീസിന് മൊഴി നല്‍കിയത്. തന്റെ ഇളയ മകളെ സ്കൂളിൽ ആൺകുട്ടികൾക്ക് ഒപ്പം ഇരുത്തിയതിനെ മൂത്ത മകൾ ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ പെണ്‍കുട്ടിയെ അദ്ധ്യാപികമാർ മർദ്ദിച്ചതായും മൊഴിയിൽ പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് അദ്ധ്യാപികമാർക്ക് എതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്.
ഇവരോട് ഇന്നു തന്നെ സ്റ്റെഷനിൽ ഹാജർ ആകാനും പോലീസ് നിർദേശിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാർഥിനിയായ പെൺകുട്ടി കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ആത്മഹത്യക്ക് ശ്രമിച്ചത്.