ഡിഎല്‍എഫ് കേസിലെ സുപ്രീംകോടതി വിധി: പുനഃപരിശോധന ഹരജി നല്‍കി
|വസ്തുതകള്‍ പരിശോധിക്കാതെയുള്ള വിധിയെന്ന് KCZMA
ഡിഎല്‍എഫ് കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ തീരദേശപരിപാലനസമിതി പുനഃപരിശോധന ഹരജി ഫയല്‍ ചെയ്തു. നേരത്തെ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടതില്ലെന്നായിരുന്നു KCZMAയുടെ തീരുമാനം. എന്നാല്‍ പുനഃപരിശോധന ഹരജി നല്‍കാതിരിക്കുന്നത് സമിതിക്ക് തിരിച്ചടിയാകുമെന്ന വിദഗ്ദ ഉപദേശത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
കൊച്ചി ചിലവന്നൂര്‍ തീരത്ത് തീരദേശപരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച ഡിഎല്‍എഫിന്‍റെ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുമാറ്റേണ്ടെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ച സുപ്രീംകോടതി KCZMAയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിയമലംഘനങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു.
സിംഗിള്‍ബെഞ്ച് കണ്ടെത്തിയ വസ്തുതകള്‍ സുപ്രീംകോടതി പരിഗണിച്ചില്ലെന്ന് പുനഃപരിശോധന ഹര്‍ജിയില്‍ പറയുന്നു. വ്യാപകമായി കായല്‍ കയ്യേറി നികത്തിയാണ് കെട്ടിടം പണിതത്. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കാതെയാണ് 1 കോടി പിഴചുമത്തി കെട്ടിടം ക്രമപ്പെടുത്തി നല്‍കാമെന്ന ഡിവിഷന്‍ ബെഞ്ച് വിധി സുപ്രീംകോടതി ശരിവെച്ചത്. നാമമാത്രമായ പിഴ ചുമത്തിയുള്ള ഈ ഉത്തരവ് കയ്യേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടെന്നായിരുന്നു തീരുമാനം. ഹരജി വീണ്ടും പരിഗണിക്കുക വിധി പുറപ്പെടുവിച്ച അതേ ബെഞ്ച് തന്നെയാകുമെന്നതിനാല്‍ ഗുണം ഉണ്ടാക്കില്ലെന്നായിരുന്നു KCZMA യുടെ വിലയിരുത്തല്‍. എന്നാല്‍ ഇത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന വിദഗ്ദാഭിപ്രായത്തെതുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്.