മലാപറമ്പ് സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കാന് നടപടിയായില്ല
|ഉച്ചഭക്ഷണം നല്‍കാനുളള നടപടികള്‍ വൈകിയതോടെ സ്കൂളിലെ അധ്യാപകര്‍ പങ്കിട്ടെടുത്ത് ഭക്ഷണം വാങ്ങിനല്‍കുകയാണ്
അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് കോഴിക്കോട് കലക്ട്രേറ്റിലെ എഞ്ചിനീയറിംഗ് ഹാളിലെ താല്കാലിക സ്കൂളില്‍ പഠനം തുടരുന്ന മലാപറമ്പ് എയുപി സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമില്ല. ഉച്ചഭക്ഷണം നല്‍കാനുളള നടപടികള്‍ വൈകിയതോടെ സ്കൂളിലെ അധ്യാപകര്‍ പങ്കിട്ടെടുത്ത് ഭക്ഷണം വാങ്ങിനല്‍കുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെടുന്നു.
മലാപറമ്പില്‍ നിന്നും എയുപി സ്കൂളിലെ കുട്ടികളെ താല്കാലിക സ്കൂളിലേക്ക് മാറ്റിയ ദിവസം ഉച്ചഭക്ഷണം സൌജന്യമായി നല്‍കുമെന്ന് ജില്ലാഭരണകൂടം ഉറപ്പ് നല്‍കിയിരുന്നു. ക്ലാസ്സ് തുടങ്ങി അഞ്ച് ദിവസം പിന്നിടുന്നു. മൂന്ന് പ്രവര്‍ത്തിദിനങ്ങളും കടന്നു പോയി. ഇപ്പോഴും ഉച്ചഭക്ഷണ കാര്യത്തില്‍ തീരുമാനം ദൂരെയാണ്. തൊട്ടടുത്തുളള കാന്റീനില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷണമെത്തിക്കുകയാണ് അധ്യാപകര്‍. ഇതിന്റെ ചെലവ് ഇവര്‍ പങ്കിട്ടെടുക്കുന്നു.
ഉച്ചഭക്ഷണം ലഭിക്കുന്നതിനായി നല്‍കേണ്ട മുഴുവന്‍ രേഖകളും പ്രധാനാധ്യാപിക വിദ്യാഭ്യാസവകുപ്പിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ കുട്ടികളുടെ ഉച്ചഭക്ഷണം പ്രതിസന്ധിയിലാകും.
ഉച്ചഭക്ഷണം നല്കാന് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി
കോഴിക്കോട് കലക്ട്രേറ്റിലെ എഞ്ചിനീയറിങ് ഹാളില്‍ താത്കാലിക പഠനം തുടരുന്ന മലാപ്പറന്പ് എയുപി സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കിട്ടാത്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മലാപ്പറന്പ് സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കുന്നില്ലെന്ന വാര്‍ത്ത മീഡിയവണാണ് റിപ്പോര്‍ട്ട് ചെയ്തത്..